ഗ്യാസ് വില 25 രൂപ കൂട്ടി, ഒരു വർഷത്തിനിടെ കൂട്ടിയത് 290.5 രൂപ
Wednesday 01 September 2021 11:16 PM IST
കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 25 രൂപ കൂട്ടി. ആഗസ്‌റ്റ് 17നും 25 രൂപ കൂട്ടിയിരുന്നു. 894 രൂപയാണ് തിരുവനന്തപുരത്ത് പുതിയ നിരക്ക്. കൊച്ചിയിൽ 891.5 രൂപ, കോഴിക്കോട്ട് 893.5 രൂപ.
വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 74.5 രൂപയും കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് വില 1,710 രൂപ. കൊച്ചിയിൽ 1,692.50, കോഴിക്കോട്ട് 1,719.
കൊവിഡിൽ സമ്പദ്‌ഞെരുക്കം രൂക്ഷമായിരിക്കെ അടിക്കടിയുള്ള വിലവർദ്ധന കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിക്കും. ഒരുവർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലവർദ്ധന 290.5 രൂപയാണ്. കഴിഞ്ഞവർഷം ആഗസ്‌റ്റിൽ (തിരുവനന്തപുരം) വില 603.5 രൂപയായിരുന്നു. വാണിജ്യ സിലിണ്ടർ വില 1,145 രൂപയിൽ നിന്ന് 1,710 രൂപയിലുമെത്തി;- വർദ്ധന 565 രൂപ.