പ്രവാസി ,തൊഴിലാളി ക്ഷേമ നിധി ബോർഡ് നിയമനം പി.എസ്.സിക്ക്

Wednesday 01 September 2021 11:47 PM IST

തിരുവനന്തപുരം: 2008ലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കരട് ഭേദഗതി ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങളും പി.എസ്.സിക്ക് വിടാൻ നിയമഭേദഗതി വരുത്തും. അർബൻ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികൾ അംഗീകരിച്ചു. നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകൾ എന്നിവ സമയബന്ധിയമായി പരിഹരിക്കാനായി ജില്ലാ, സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള '2021ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ഓർഡിനൻസ്' ഇറക്കാനും ഗവർണറോട് ശുപാർശ ചെയ്യും.