കെ.സുധാകരനും വി.ഡി.സതീശനും രഹസ്യ കൂടിക്കാഴ്ച നടത്തി

Wednesday 01 September 2021 11:50 PM IST

കണ്ണൂർ: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ,കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രഹസ്യ കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന ഡി.സി.സി. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സതീശൻ, ഇന്നലെ ഉച്ചയ്ക്ക് സുധാകരന്റെ വീട്ടിലാണ് ഒരു മണിക്കൂർ നേരം ചർച്ച നടത്തിയത്.

കോൺഗ്രസിൽ അസ്വാരസ്യങ്ങളും ചില നേതാക്കൾക്കുള്ള വിഷമങ്ങളും സാധാരണയാണെന്നും, അതിന്റെ പേരിൽ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നുമുള്ള വിലയിരുത്തലിലാണ് രണ്ട് നേതാക്കളും. ഉമ്മൻ ചാണ്ടി, ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷ ഇരുവരും പങ്ക് വച്ചു.മുതിർന്ന നേതാക്കളുമായ തുറന്ന ചർച്ച നടത്തി മാത്രമേ എല്ലാ തീരുമാനവുമെടുക്കൂവെന്ന് സുധാകരൻ പറഞ്ഞതായാണ് വിവരം.

.ഡിസംബർ ആറിന് യു.ഡി.എഫ് ചേർന്നതിന് ശേഷം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. ആർക്കും പരാതിയില്ലാത്ത വിധത്തിൽ തുറന്ന മനസ്സോടെ എല്ലാവരുമായും കൂടിയാലോചന നടത്തിയാവും തുടർനടപടികളെന്നും കെ. സുധാകരൻ പറഞ്ഞു.