ടി.എൻ. സീമ നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ
തിരുവനന്തപുരം: നവകേരളം കർമ്മപദ്ധതിയുടെ കോ-ഓർഡിനേറ്റനായി മുൻ എം.പിയും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ ഡോ.ടി.എൻ. സീമയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ ഭാഗമായിരുന്ന ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സണായിരുന്നു.
ഇത്തവണ എല്ലാ മിഷനുകളും ലയിപ്പിച്ച് നവകേരളം കർമ്മപദ്ധതി മാത്രമാക്കി. നവകേരള മിഷൻ കോ-ഓർഡിനേറ്ററായി കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ചിരുന്നത് ചെറിയാൻ ഫിലിപ്പായിരുന്നു. കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. സുനിൽകുമാറിനെ നിയമിച്ചു. കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.കെ. മണിശങ്കറിനെ നിയമിക്കാനും തീരുമാനിച്ചു.