പിറവം കള്ളനോട്ട് കേസ്: ലക്ഷ്മിയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ

Thursday 02 September 2021 12:24 AM IST

കൊച്ചി: പിറവം കള്ളനോട്ട് കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിവന്ന ചെന്നൈ സ്വദേശിനി ലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അടുത്തിടെ ലക്ഷങ്ങളെത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

ഭർത്താവിന്റെ പേരിലാണ് അക്കൗണ്ട്. അക്കൗണ്ടിൽ നിന്ന് 60 ലക്ഷത്തോളം രൂപ മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ട്. ഇത് ഗുരുതരാവസ്ഥയിലുള്ള അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്ക് നൽകിയതാണെന്നാണ് ഭർത്താവിന്റെ മൊഴി. ലക്ഷ്മിയുടെ പേരിലുള്ള ഫോണും ഭർത്താവാണ് ഉപയോഗിക്കുന്നത്. അതിലേക്ക് വിളിച്ചപ്പോഴാണ് ഭർത്താവിന്റെ ഈ ന്യായീകരണം.

ഇയാൾ പ്രതിരോധസേനയിലെ സങ്കേതികവിഭാഗം ഉദ്യോഗസ്ഥനാണെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ലക്ഷ്മിയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

പിറവത്തെ സംഘത്തിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ വയനാട് സ്വദേശി നസീ‌ർ ഒളിവിലാണ്. നസീറിന് രണ്ട് ഭാര്യമാരുണ്ട്. ഒരാൾ കോന്നിയിലാണ് താമസം. പ്രതികൾ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് നസീ‌ർ പണം കൈപ്പറ്രിയത്. ഇത് ആ‌ർക്കെല്ലാം കൈമാറി, എന്തിനെല്ലാം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. നസീറിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് നി‌ർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെയടക്കം ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.

നോട്ടടി വാടകവീട്ടിൽ

സീരിയൽ നിർമ്മാണത്തിനെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് വ്യാജനോട്ട് നിർമ്മിച്ചിരുന്ന ഏഴംഗ സംഘത്തെ ജൂലായ് 27നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) പിറവം പൈങ്കുറ്റിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം മൈനർ സിറ്റി സ്വദേശി സുനിൽകുമാർ (40), റാന്നി സ്വദേശി മധുസൂദനൻ (48), ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ തങ്കമുത്തു (60), സ്റ്റീഫൻ (31), ആനന്ദ് (24), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36) എന്നിവരാണ് പിടിയിലായത്.