സംരംഭകർക്ക് സമാധാനം പകർന്ന് 'മീറ്റ് ദി മിനിസ്റ്റർ'

Thursday 02 September 2021 12:26 AM IST
ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്ന മന്ത്രി പി. രാജീവ്

മന്ത്രി ഇടപെട്ടു, 123 പരാതികൾക്ക് പരിഹാരം

കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും വ്യവസായ സംരംഭകരുമായി നടന്ന ചർച്ചയിൽ, തീർപ്പാകാതെ കിടന്ന 123 പരാതികൾക്ക് പരിഹാരമായി. ഇന്നലെ ലഭിച്ച 43 പരാതികൾ കളക്ടറും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പ്രത്യേക സിറ്റിംഗ് നടത്തി ഉടൻ തീർപ്പാക്കും.

അഞ്ചൽ സ്വദേശിയായ നൈനാൻ വർഗീസിന്റെ എൻ.എൻ ബ്രിക്സ് എന്ന സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന് ഇന്നലെ ലൈസൻസ് ലഭിച്ചു. മാസങ്ങളായി പഞ്ചായത്ത് നിഷേധിച്ചിരുന്ന ലൈസൻസാണ് മന്ത്രിയുടെ ഇടപെടലിൽ ലഭ്യമായത്. ഫീസ് അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിൽ നൈനാൻ വർഗീസ് മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ പരാതി നൽകുകയായിരുന്നു. ആലപ്പാട് പഞ്ചായത്തിലെ ആലുംകടവിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള ഒ.സി.ആർ മറൈൻ ബോട്ട് യാർഡ് സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സമിതി ലൈസൻസ് നിഷേധിച്ചിരുന്നു. അരുൺ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ പരാതി നൽകിയതിനെത്തുടർന്ന് മന്ത്രി റവന്യു വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും റവന്യു വകുപ്പ് പുറമ്പോക്ക് ഭൂമിയല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും തുടർന്ന് ലൈസൻസ് അനുവദിക്കുകയുമായിരുന്നു.

വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ ഹരി കിഷോർ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, കളക്ടർ അബ്ദുൽ നാസർ, ഖനന ഭൂവിജ്ഞാന ഡയറക്ടറേറ്റ് ഡയറക്ടർ കെ. ഇമ്പശേഖർ, സബ് കളക്ടർ ചേതൻ കുമാർ മീണ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.

പൊടിമില്ലിന് അനുമതി

ഷംലയുടെ ഉടമസ്ഥതയിലുള്ള ഫ്ലവർ മില്ലിന് നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പന്മന ഗ്രാമപഞ്ചായത്തിൽ നിന്ന് ഇന്നലെ പെർമിറ്റ് ലഭിച്ചു. ഉടൻതന്നെ ലൈസൻസും ലഭ്യമാക്കും. കെട്ടിട നിർമ്മാണ പ്ലാനിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് ഫ്ളവർ മില്ലിന് പെർമിറ്റും ലൈസൻസും നിഷേധിച്ചത്. മന്ത്രി ഇടപെട്ടതോടെ പഞ്ചായത്ത് അധികൃതർ വഴങ്ങുകയായിരുന്നു.

ആവശ്യങ്ങളുമായി എം.എൽ.എ

തഴപ്പായയ്ക്ക് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രേഷൻ അടക്കമുള്ളവ നൽകി അപൂർവത അംഗീകരിച്ച പശ്ചാത്തലത്തിൽ നെയ്ത്തു തൊഴിൽ സംരക്ഷിക്കാൻ വ്യവസായ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും തഴപ്പായ- കാട്ടുവള്ളി ക്ഷേമനിധി ബോർഡിന് കരുനാഗപ്പളിയിൽ റീജിയണൽ ഓഫീസ് ആരംഭിക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ ആവശ്യപ്പെട്ടു. . പ്രാഥമിക കയർ സംഘങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയറും കയറുത്പന്നങ്ങളും സംഭരിച്ച് വിപണി കണ്ടെത്താൻ കയർഫെഡിന് നിർദ്ദേശം നൽകണം. ഒരു ലക്ഷം രൂപ മരണാനന്തരം ധനസഹായം നൽകണം. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ പുലിമുട്ട് നിർമ്മാണവും കടൽ ഭിത്തി നിർമ്മാണവും ഐ.ആർ.ഇ കമ്പനി ഏറ്റെടുക്കണമെന്നും എൽ.എൽ.എ ആവശ്യപ്പെട്ടു.

Advertisement
Advertisement