മരംമുറിക്കൽ : കുമ്മനം ലോകായുക്തയ്ക്ക് പരാതിനൽകി

Thursday 02 September 2021 1:45 AM IST

തിരുവനന്തപുരം : നിയമങ്ങളും കോടതി വിധികളും ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്ത്ൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ലോകായുക്തയ്ക്ക് പരാതി നൽകി . ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടതായി കുമ്മനം പറഞ്ഞു .

എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുറ്റവാളികളെ പിടികൂടാനാവില്ല .ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. മരംമുറിക്കാൻ ഉത്തരവിട്ട റവന്യു വനം മേധാവികളും അതിന് നിർദ്ദേശം കൊടുത്ത വകുപ്പ് മന്ത്രിമാരുമാണ് യഥാർത്ഥ കുറ്റവാളികൾ.

2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവുകളുടെ വെളിച്ചത്തിൽ കോടികളുടെ മരം 100 ദിവസം കൊണ്ട് മുറിച്ചുമാറ്റാൻ മരം മാഫിയകൾക്ക് മനപ്പൂർവം അവസരം നൽകിയെന്നും കുമ്മനം പറഞ്ഞു. ചീഫ് സെക്രട്ടറി, റവന്യൂ ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, മുൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ രാജു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, മുഖ്യ വനപാലകൻ പി.കെ. കേശവൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയ തിലകൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു എന്നിവർക്കെതിരെയാണ് പരാതി നൽകിയത്‌.