സ്പ്രിൻക്ളർ: ശിവശങ്കറിന് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് രണ്ടാം റിപ്പോർട്ട്
തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിന് സ്പ്രിൻക്ളർ കമ്പനിക്ക് കരാർ നൽകിയതിൽ ദുരുദ്ദേശമില്ലെന്ന് സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയേയും അറിയിക്കാതെയാണ് കരാറിൽ ഒപ്പിട്ടതെന്ന് കെ. ശശിധരൻ നായർ, ഡോ. എ. വിനയബാബു, ഡോ. സുരേഷ് ദിവാകരൻ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമ, ധനവകുപ്പുകളുമായി അന്നത്തെ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കൂടിയാലോചന നടത്തിയില്ല. ഡാറ്റ സുരക്ഷ ഉറപ്പാക്കിയില്ല. എങ്കിലും ശിവശങ്കറിന് ദുരുദ്ദേശം ഉണ്ടായിരുന്നില്ല. സംസ്ഥാന താത്പര്യം ഹനിക്കപ്പെട്ടതായുള്ള തെളിവുകളില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇതേപ്പറ്റി ആദ്യം അന്വേഷിച്ച മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ നിന്ന് വിരുദ്ധമാണ് രണ്ടാം അന്വേഷണ റിപ്പോർട്ട്. സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധവും ജനങ്ങളുടെ സ്വകാര്യ വിവരങ്ങളിൽ കമ്പനിക്ക് സമ്പൂർണ അവകാശം നൽകുന്നതുമാണ് കരാർ എന്നുമായിരുന്നു മാധവൻനമ്പ്യാർ സമിതിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് പരിശോധിക്കാനാണ് ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ സർക്കാർ നിയോഗിച്ചത്.