ഒാണസമ്മാന വിവാദം: പൂട്ടിയ കാബിൻ ചെയർപേഴ്സൺ തുറന്നു,​ സംഘർഷം

Thursday 02 September 2021 1:52 AM IST

 ഒൻപത് കൗൺസിലർമാർക്ക് പരിക്കേറ്റു

തൃക്കാക്കര: ഓണത്തിന് കൗൺസിലർമാർക്ക് പണപ്പൊതി വിതരണം ചെയ്തെന്ന പരാതിയിൽ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പൂട്ടിയ കാബിൻ ചെയർപേഴ്സൺ തുറന്നതിനെച്ചൊല്ലിയുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഭരണ,​ പ്രതിപക്ഷത്തുള്ള ഒൻപത് കൗൺസിലർമാർക്ക് പരിക്കേറ്റു.

വിജിലൻസിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് നഗരസഭ സെക്രട്ടറി ചെയർപേഴ്സന്റെ കാബിൻ പൂട്ടിയത്. എന്നാൽ,​ സെക്രട്ടറിക്ക് അതിന് അധികാരമില്ലെന്ന് പറഞ്ഞ് ഇന്നലെ ചെയർപേഴ്സൺ അജിത തങ്കപ്പൻ കാബിൻ തുറന്നതാണ് ഭരണ,​ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയത്. ഉച്ചയ്ക്ക് രണ്ടിന് മുറി തുറന്നതോടെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായിഎത്തി മുറിക്ക് മുന്നിൽ ഉപരോധം ആരംഭിച്ചു. വൈകിട്ട് അഞ്ചോടെ ചെയർപേഴ്സണെ മുറിയിൽ നിന്ന് പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റമുണ്ടായി. ചെയർപേഴ്സണെ സഹായിക്കാൻ യു.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി. ഇതിനെ എതിർത്ത് പ്രതിപക്ഷാംഗങ്ങളും എത്തിയതോടെ സംഘർഷമുണ്ടായി. പ്രതിപക്ഷ അംഗങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

അതിനിടെ വനിതാ കൗൺസിലർമാരെ ഉൾപ്പെടെ ആക്രമിച്ച യു.ഡി.എഫുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സി.ഐയോട് സംസാരിക്കാൻ സ്റ്റേഷനിൽ കയറിയ സി.പി.എം നേതാക്കളെ പൊലീസ് ബലമായി പുറത്താക്കിയതും പ്രശ്നം രൂക്ഷമാക്കി. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഇതിനിടെ കുഴഞ്ഞുവീണ സ്വതന്ത്ര കൗൺസിലർ പി.സി. മനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement