ഭരണത്തിന്റെ ഹരിഃശ്രീ പഠിക്കാൻ മന്ത്രിമാർ

Thursday 02 September 2021 10:44 PM IST

മൂന്ന് ദിവസത്തെ കോച്ചിംഗ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും പുതുമുഖങ്ങളായതിനാൽ ഭരണ നിർവഹണം പഠിപ്പിക്കാൻ മൂന്ന് ദിവസത്തെ കോച്ചിംഗ് നൽകുന്നു. 20, 21, 22 തീയതികളിൽ രാവിലെ 9.30 മുതൽ 1.30 വരെ എെ.എം.ജി ഓഡിറ്റോറിയത്തിലാണ് ക്ളാസുകൾ. എല്ലാ മന്ത്രിമാരും പങ്കെടുക്കണം. ഭരണ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനമാണ് ഉദ്ദേശിക്കുന്നത്. മന്ത്രിമാർ കുട്ടികളാകുമ്പോൾ ക്ളാസെടുക്കാനെത്തുന്നത് വിവിധവിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്.

മന്ത്രിമാരിൽ പലർക്കും ഭരണ പരിചയമില്ലെന്നും ഇവരെ പഠിപ്പിക്കണമെന്നും എെ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ഇത് ആഗസ്റ്റ് 30 ന് മന്ത്രിസഭാ യോഗത്തിൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് അംഗീകാരം നൽകുകയായിരുന്നു. ഇതിനുള്ള ചെലവ് പൊതുഭരണ വകുപ്പിൻെറ മറ്റിനങ്ങളിൽ നിന്ന് കണ്ടെത്താമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

കെ.ജയകുമാർ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുൻ ചീഫ് സെക്രട്ടറിമാർ, പ്ളാനിംഗ് ബോർഡ് വിദഗ്ദ്ധർ തുടങ്ങിയവരാണ് ക്ളാസെടുക്കുക.