കൂറ്റൻ തിരമാലയിൽ വള്ളം മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു, ദുരന്തം അഴീക്കൽ പടിഞ്ഞാറ്

Thursday 02 September 2021 10:55 PM IST

അഴീക്കലിൽ അപകടത്തിൽ പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ സന്ദർശിക്കുന്നു

ഒൻപതുപേർ നീന്തി രക്ഷപ്പെട്ടു, മൂന്നുപേരെ രക്ഷിച്ചു

കരുനാഗപ്പള്ളി: അഴീക്കൽ തുറമുഖത്തിന് സമീപം തീരക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളം കൂറ്റൻ തിരമാലയിൽ അകപ്പെട്ട് മറിഞ്ഞ് നാലുപേർ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒൻപതുപേർ നീന്തി രക്ഷപ്പെട്ടു. തീരത്ത് നിന്ന് 1.85 കിലോമീറ്റർ അകലെയായിരുന്നു അപകടം.

ആലപ്പുഴ ആറാട്ടുപുഴ തറയിൽക്കടവ് തട്ടാശേരിൽ സുദേവൻ (55), കൊച്ചോണ്ടലിൽ പടീറ്റതിൽ ശ്രീകുമാർ (50),നെടിയത്ത് തങ്കപ്പൻ (70), പറത്തറയിൽ സുനിൽദത്ത് (24) എന്നിവരാണ് മരിച്ചത്. സുനിൽദത്ത് നീന്തി തീരത്തോട് അടുത്തെത്തിയശേഷമാണ് തിരമാലയിൽ അകപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.

വലിയഴീക്കൽ തറയിൽക്കടവ് സ്വദേശികളായ ഒതളത്തുംമൂട്ടിൽ തരുൺ (29), കാട്ടിൽ അരവിന്ദൻ (68), കാട്ടിൽ അനീഷ് (40), വൈദ്യന്റെ പടീറ്റതിൽ റിജു കുമാർ (48), കൂട്ടിന്റെ പടീറ്റതിൽ സോമൻ (57), തട്ടാനത്ത് ഭാനു (60), കുറുങ്ങാട്ട് തറയിൽ ബിജു പൊന്നപ്പൻ (44) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തട്ടാനത്ത് രമണൻ (65) പറത്തറയിൽ ബൈജു (35), കാട്ടേക്കാട് അക്ഷയകുമാർ (51), കാട്ടിൽ സജീവൻ (48) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും തെക്കേപ്പുറത്ത് ഉമേഷിനെ (40) ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ രഞ്ജിത്ത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ 9.30ഓടെയാണ് ദുരന്തമുണ്ടായത്. തറയിൽക്കടവ് സ്വദേശി അനീഷ് അരവിന്ദന്റെ 'ഓംകാര'മെന്ന വള്ളം പുലർച്ചെ 5 മണിയോടെ തറയിൽക്കടവ് അമ്പലവളവിലുള്ള കടവിൽ നിന്നാണ് പുറപ്പെട്ടത്. വലിയ വള്ളത്തിൽ 13 പേരും കാരിയർ വള്ളത്തിൽ 3 പേരും ഉണ്ടായിരുന്നു. ശക്തമായ തിരകളിൽ വലിയ വള്ളം മറിയുകയായിരുന്നു. കാരിയർ വള്ളത്തിലെ തൊഴിലാളികൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആ വള്ളവും മറിഞ്ഞു. ഒൻപതുപേർ നീന്തി കരയ്ക്കെത്തി. മൂന്നുപേരെ 'യോഗീശ്വരൻ' വള്ളത്തിലുണ്ടായിരുന്നവർ രക്ഷിച്ചു. കോസ്റ്റ് ഗാർഡും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനിറങ്ങി.

വള്ളവും വലയും മത്സ്യത്തൊഴിലാളികൾ കെട്ടിവലിച്ച് കരയിൽ കയറ്റി. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി 10,000 രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 5,000 രൂപയും ഉടൻ നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 അടിയന്തര സഹായം

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, യു. പ്രതിഭ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ആലപ്പുഴ ജില്ലാ കളക്ടർ എ. അലക്സാണ്ടർ തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ചു.

Advertisement
Advertisement