സിയാലിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം

Friday 03 September 2021 3:48 AM IST

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമ്മിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈനിൽ നടന്ന, സിയാലിന്റെ 27-ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെർമിനൽ 2ന്റെ പുനരുദ്ധാരണം ഒക്ടോബറിൽ തുടങ്ങും. ഇവിടെയാണ് ബിസിനസ് ജെറ്റുകൾക്കായുള്ള പ്രത്യേക ടെർമിനൽ. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങും. സിയാലിന്റെ വെളളപ്പൊക്ക നിവാരണ പദ്ധതിയായ 'ഓപ്പറേഷൻ പ്രവാഹിന്റെ" ഒന്നാംഘട്ടത്തിൽ 102 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരും സിയാൽ ഡയറക്ടർമാരുമായ പി. രാജീവ്, കെ. രാജൻ, സ്വതന്ത്ര ഡയറക്ടർമാരായ കെ. റോയ് പോൾ, എ.കെ. രമണി, ഡയറക്ടർമാരായ എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement