മഴ: ജില്ലയിൽ കൊയ്ത്ത് ആരംഭിച്ച മേഖലയിലെ കർഷകർ ദുരിതത്തിൽ

Saturday 04 September 2021 12:00 AM IST
ആലത്തൂർ മേഖലയിൽ കൊയ്ത്തു പുരോഗമിക്കുന്നു

പാലക്കാട്: മഴ കാരണം ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച മേഖലയിലെ കർഷകർ ദുരിത്തിൽ. ഇടവിട്ടു പെയ്യുന്ന മഴയും മൂടിയ കാലാവസ്ഥയുമാണ് പ്രതിസന്ധിക്ക് കാരണം. ആലത്തൂർ, കണ്ണമ്പ്ര, പുതുക്കോട്, ആയക്കാട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ കർഷകർ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ ദുരിതത്തിലാണ്. നിലവിലെ സാഹചര്യത്തിൽ കൊയ്‌തെടുക്കുമ്പോൾ തന്നെ നെല്ലിൽ ഈർപ്പം ഉള്ളതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ എങ്ങനെ ഉണക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജില്ലയിൽ സെപ്തംബർ ഒന്നിന് സംഭരണം തുടങ്ങിയെങ്കിലും നെല്ല് ഉണക്കി ഈർപ്പം മാറ്റിയാൽ മാത്രമേ കർഷകരിൽ നിന്ന് നെല്ലെടുക്കു എന്നാണ് അധികൃതരുടെ നിലപാട്.

 കൂടുതൽ മഴ ആലത്തൂരിൽ

ജില്ലയിൽ ഇന്നലെ മിക്ക പ്രദേശങ്ങളിലും നല്ല മഴയാണ് ലഭിച്ചത്. ആലത്തൂരാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 34 മില്ലിമീറ്റർ. കുറവ് മണ്ണാർക്കാട് - കൊല്ലങ്കോട് മേഖലകളിൽ, 6.4 മില്ലീമീറ്റർ. തൃത്താല - 24.6 മില്ലിമീറ്റർ, പട്ടാമ്പി - 19 മില്ലിമീറ്റർ, ഒറ്റപ്പാലം - 14.8 മില്ലീമീറ്റർ, പാലക്കാട് - 10 മില്ലീമീറ്റർ, പട്ടാമ്പി - 7 മില്ലിമീറ്റർ, പറമ്പിക്കുളം - 7 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ കണക്ക്.

 മൂന്നു ദിവസത്തിനിടെ സംഭരിച്ചത് 17,200 കിലോ നെല്ല്

ജില്ലയിൽ മൂന്നുദിവസത്തിനുള്ളിൽ 17,200 കിലോ നെല്ല് സംഭരിച്ചു. ഇതുവരെ അരലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്തു. ഇത്തവണ ഒന്നര ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒന്നാംവിളയിൽ 1.30 ലക്ഷം മെട്രിക് ടൺ സംഭരിച്ചിരുന്നു.

സി.മുകുന്ദകുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്.

 ഈർപ്പം നോക്കാതെ നെല്ലെടുക്കണം

രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ എല്ലായിടത്തും കൊയ്ത്തു സജീവമാകും. മഴ തുടരുന്നതിനാൽ കൊയ്ത്തു തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരിൽ നിന്ന് നെല്ലിന്റെ ഈർപ്പം നോക്കാതെ സംഭരിക്കണം. അല്ലാത്തപക്ഷം നെല്ല് ഉണക്കാൻ കഴിയാതെ മുളയ്ക്കുന്ന അവസ്ഥവരും.

മുതലാംതോട് മണി, ജില്ലാ ജന.സെക്രട്ടറി, ദേശീയ കർഷക സമാജം, പാലക്കാട്

Advertisement
Advertisement