കൊവിഷീൽഡിന്റെ ഇടവേള മികച്ച സംരക്ഷണം ഉറപ്പാക്കും: കേന്ദ്രസർക്കാർ

Saturday 04 September 2021 12:53 AM IST

കൊച്ചി: കൊവിഷീൽഡിന്റെ രണ്ടു ഡോസുകൾക്കിടയിൽ 84 ദിവസത്തെ ഇടവേള നൽകുന്നത് മികച്ച സംരക്ഷണം ഉറപ്പാക്കുമെന്ന വിദഗ്‌ദ്ധാഭിപ്രായത്തെ തുടർന്നാണെണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. ശാസ്ത്രീയ തെളിവുകൾ കൂടി പരിഗണിച്ചാണ് തീരുമാനമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷൻ വിശദീകരിച്ചു.

കിറ്റെക്‌സിലെ 12,000 തൊഴിലാളികൾക്ക് ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞതിനാൽ രണ്ടാമത്തേതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജിയിലാണ് വിശദീകരണം. രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുമതി തേടി കമ്പനി ഹർജി നൽകിയതല്ലാതെ തൊഴിലാളികളാരും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ബെഞ്ച് ഹർജി നേരത്തെ വിധി പറയാൻ മാറ്റിയിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തെത്തുടർന്ന് ഇന്നലെ വീണ്ടും വാദം നടന്നു.

ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ള മുന്നണിപ്പോരാളികൾക്ക് ആദ്യ ഡോസെടുത്ത് നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നൽകിയിരുന്നെന്ന് ഹർജിക്കാർ വാദിച്ചു. ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് പോകുന്നവർക്ക് 84 ദിവസം ഇടവേള വേണമെന്ന വ്യവസ്ഥ പാലിക്കാതെ രണ്ടു ഡോസും നൽകാൻ കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവും ഹാജരാക്കി. അടിയന്തര സാഹചര്യങ്ങളിലാണ് ഇത്തരമൊരു ആവശ്യം അനുവദിച്ചതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.

Advertisement
Advertisement