കൊവിഷീൽഡ് ഒറ്റ ഡോസ് പോലുമില്ല; കോവാക്‌സിൻ പേരിനും

Saturday 04 September 2021 12:00 AM IST

മലപ്പുറം: ജില്ലയിൽ വാക്‌സിൻ ക്ഷാമം അതിരൂക്ഷം. കൊവിഷീൽഡ് പൂർണ്ണമായും തീർന്നു. കുറഞ്ഞ തോതിൽ കോവാക്‌സിൻ മാത്രമാണുള്ളത്. വ്യാഴാഴ്ചയാണ് കൊവിഷീൽഡ് ജില്ലയിൽ തീർന്നത്. എന്നാൽ കൊവിഷീൽഡ‌് പൂർണ്ണമായും തീർന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയ ആറ് ജില്ലകളിൽ മലപ്പുറം ഉൾപ്പെട്ടിട്ടില്ല. നാലുദിവസം മുമ്പാണ് ജില്ലയിൽ 50,​000 ഡോസ് വാക്സിനെത്തിച്ചത്. ഊർജ്ജിത വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത് ഒന്നിനും തികയാത്ത അവസ്ഥയാണ്. കൊവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുകളെ തുടർന്നാണ് ഒരു ഡോസ് വാക്‌സിനെങ്കിലും മുഴുവൻ പേർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഊർജ്ജിത വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിൽ 18 വയസിന് മുകളിലുള്ള 26.74 ലക്ഷം പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയിട്ടുള്ളത്. 20.12 ലക്ഷത്തോളം പേർക്കാണ് ഒന്നാം ഡോസ് നൽകിയത്. ഒന്നാം ഡോസ് വിതരണം പൂർത്തിയാക്കണമെങ്കിൽ ഇനിയും 15 ലക്ഷത്തോളം ഡോസ് വാക്‌സിൻ ലഭ്യമാക്കേണ്ടതുണ്ട്. കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. കൊവാക്‌സിൻ ആദ്യ ഡോസെടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കണം. നിലവിൽ കൊവിഷീൽഡ് രണ്ടാം ഡോസ് ലഭിക്കുന്നതിന് കാലതാമസമുണ്ട്. ആശാപ്രവർത്തകർ മുഖേന രണ്ടാം‌ഡോസ് ലഭിക്കേണ്ടവരുടെ കണക്കെടുത്ത ശേഷം ഇവർ മുഖാന്തരമാണ് വാക്‌സിൻ തീയതി അറിയിക്കുന്നത്.

കോവാക്‌സിനോട് വിമുഖത

  • തുടക്കം മുതൽ കോവാക്‌സിന് ജില്ലയിൽ ആവശ്യക്കാർ കുറവാണ്.
  • ഗൾഫ് രാജ്യങ്ങൾ കോവാക്‌സിൻ അംഗീകരിക്കാത്തതിനാൽ പ്രവാസികൾ കൊവി ഷീൽഡിനെ മാത്രമാണ് ആശ്രയിക്കുന്നത്.
  • ഈ പ്രചാരണം കോവാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണവും കുറച്ചു.
  • കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും ഇരുവാക്‌സിനുകളും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ആരോഗ്യപ്രവർത്തകർ ബോധവത്ക്കരിക്കുമ്പോഴും വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.
Advertisement
Advertisement