അനീഷിന്റെ കണ്ണുകളിൽ ഭീതിയുടെ കടലിരമ്പം

Saturday 04 September 2021 1:30 AM IST
കടൽ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, വള്ളം ഉടമ അനീഷും പിതാവ് അരവിന്ദനും

കരുനാഗപ്പള്ളി: അഴീക്കലിലെ കടൽ ദുരന്തത്തിൽ നിന്ന് ജീവനും കൈയിൽപ്പിടിച്ച് കൊടുംതിരകൾക്കിടയിലൂടെ നീന്തി കരയ്ക്കെത്തിയവരുടെ കണ്ണുകളിൽ ഇപ്പോഴും ഭീതി തിരയടിക്കുന്നു. തങ്ങൾ ജീവനോടെയുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള യാഥാർത്ഥ്യം പോലും ഇവർക്ക് ഉൾക്കൊള്ളാനാവുന്നില്ല. കൺമുന്നിലെത്തിയ മരണത്തിന്റെ പിടിയിൽ നിന്ന് ഭാഗ്യംകൊണ്ടുമാത്രമാണ് നാലുപേരൊഴികെയുള്ളവർ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഒട്ടുമില്ലായിരുന്നെന്ന് അപകടത്തിൽപ്പെട്ട 'ഓംകാരം' വള്ളത്തിന്റെ ഉടമ അനീഷ് പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അനീഷും വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന അച്ഛൻ അരവിന്ദനും. ഏഴുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. ആശുപത്രിയിൽ കഴിയവേയാണ് സഹപ്രവർത്തകരായ 4 പേർ മരിച്ച വിവരം അനീഷ് അറിയുന്നത്. മരിച്ച തൊഴിലാളികളുടെ വീടുകളെപ്പറ്റി ആലോചിക്കുമ്പോൾ അനീഷിന്റെ കണ്ണു നിറയും.

ന്യൂനമർദ്ദത്തെ തുടർന്ന് ഒരാഴ്ചത്തെ ഇടവേള കഴിഞ്ഞാണ് വ്യാഴാഴ്ച പുലർച്ചെ 5ന് 16 മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ കടലിൽ പോയത്. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഓരാഴ്ച പണിയില്ലാതിരുന്നതിനാൽ വീടുകളിലെ കാര്യങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. കായംകുളം മത്സ്യബന്ധന തുറമുഖത്തിന് 1.5 നോട്ടിക്കൽ മൈൽ അകലെയാണ് വല വിരിച്ചത്. ചൂട വലയായിരുന്നു ഉപയോഗിച്ചത്. എക്കോസൗണ്ടറിന്റെ സഹായത്തോടെ മത്സ്യങ്ങളെ കണ്ടെത്തി വലയിട്ടു. മത്സ്യങ്ങൾ നിറഞ്ഞു തുടങ്ങിയതോടെ വലിച്ച് കയറ്റുന്നതിനിടെയാണ് കൂറ്റൻ തിരമാല വള്ളത്തെ തലകീഴായി മറിച്ചത്.

അനീഷ് ഉൾപ്പെടുള്ള 8 പേർ വള്ളത്തിനടിയിലായി. മറ്റുള്ളവർ എവിടെയാണന്ന് പോലും അറിയാൻ കഴിഞ്ഞില്ല. അടുത്ത തിരയിൽ വള്ളം അല്പം മുകളിലേക്ക് പൊങ്ങി. ഈ സമയം വലയുടെ റോപ്പ് പൊട്ടിച്ചാണ് 8 പേരും കര ലക്ഷ്യമാക്കി നീന്തിയത്. 25 മിനിറ്റോളം നീന്തിയാണ് അനീഷ് കരയെത്തിയത്. അപ്പോഴേക്കും ബോധം മറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും വരും വഴിയാണ് ബോധം വീണത്. ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്ന് പിതാവ് അരവിന്ദൻ പറഞ്ഞു. 25 ലക്ഷം രൂപ ചെലവഴിച്ച് പണിഞ്ഞെടുത്ത വള്ളം ജൂൺ 19 നാണ് കടലിൽ ഇറക്കിയത്. 500 കിലോഗ്രാ തൂക്കം വരുന്ന വലയും കാരിയർ വള്ളവും നശിച്ചു. പുതിയ വള്ളവും നാശമായി. ഇനി വള്ളം വീണ്ടും ഇറക്കണമെങ്കിൽ 25 ലക്ഷം കൂടി മുടക്കേണ്ടി വരുമെന്ന് അനീഷ് അരവിന്ദൻ പറഞ്ഞു.

Advertisement
Advertisement