മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍ നിര്യാതനായി

Saturday 04 September 2021 3:28 PM IST

തലശേരി: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ നിര്യാതനായി. 101 വയസായിരുന്നു. ശ്വാസതടസത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലു മണി വരെ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വാതക ശ്മശാനത്തിൽ സംസ്കരിക്കും. പരേതയായ കെ വി ശാന്ത ഭാര്യയും, പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍ എന്നിവർ മക്കളുമാണ്.

1921 സെപ്തംബറിൽ ഫ്ര‌ഞ്ച് അധീന മയ്യഴിയിൽ ജനിച്ച മംഗലത്ത് രാഘവൻ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാദ്ധ്യമത്തില്‍ വിദ്യാഭ്യാസം നേടി. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ വിമോചന സമരത്തിൽ പങ്കാളിയായി.

താരതമ്യംകൂടി ഉള്‍പ്പെടുത്തിയുള്ള 'ഫ്രഞ്ച് കവിതകള്‍' (1993). ഫ്രഞ്ച് പ്രണയഗീതങ്ങള്‍ (1999), വിക്തര്‍ ഹ്യുഗോവിന്റെ കവിതകള്‍ (2002) എന്നിവയാണ് പ്രധാന കൃതികൾ. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു.