ചെന്നിത്തലയ്ക്ക് എന്റെ മറ ആവശ്യമില്ല,​ തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻചാണ്ടി

Saturday 04 September 2021 6:31 PM IST

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ വാക്‌പോര് തുടരുന്നു. ചെന്നിത്തലയ്ക്കെതിരെ ഇന്ന് പ്രതികരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടിയുമായി ഉമ്മൻചാണ്ടി തന്നെ രംഗത്ത് വന്നതാണ് അതിൽ ഒടുവിലത്തേത്. രമേശ് ചെന്നിത്തലയ്ക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ ആരുടെയും മറ ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും എല്ലാസ്ഥാനങ്ങളും വഹിച്ച നേതാവാണ് ചെന്നിത്തല. അദ്ദേഹത്തിന് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആരുടെയും മറവേണ്ട. ഏതായാലും എന്റെ മറ ആവശ്യമില്ലെന്നുള്ളത് തനിക്ക് നല്ലതുപോലെ അറിയാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. .

ഇന്നലെ കോട്ടയത്ത് പറഞ്ഞ കാര്യങ്ങളില്‍ ചെന്നിത്തലയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും ആരും ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഒളിക്കേണ്ടെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്. ചെന്നിത്തല പറഞ്ഞത് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഞാന്‍ പരിധി വിടില്ല. എന്റെ പാര്‍ട്ടിയെ വേദനിപ്പിക്കുന്ന ഒന്നും പറയില്ല. താന്‍ ഗ്രൂപ്പ് കളിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തി ഉണ്ടായിരുന്നു. എന്നാല്‍, പക തീര്‍ത്തേ അടങ്ങുവെന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ചെന്നിത്തല പറഞ്ഞത് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ക്കും നാവില്ലാത്തത് കൊണ്ടല്ല. കണ്ണ് കെട്ടി കല്ലെറിയുന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.കോണ്‍ഗ്രസിന്റെ കേരള നേതൃത്വത്തില്‍ വിശ്വാസമുണ്ട്. അവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ സഹായവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉമ്മന്‍ ചാണ്ടി നല്ല പക്വതയുള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്‌നവും തീര്‍ക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയെ വിവാദത്തില്‍ വലിച്ചിഴക്കുന്നില്ല. തനിക്ക് പബ്ലിസിറ്റി കിട്ടാന്‍ ഉമ്മന്‍ചാണ്ടിയെ ഒരു ഐറ്റം ആക്കാന്‍ താനില്ല. തര്‍ക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞ് തീര്‍ക്കണം, തീ കൊടുക്കുന്ന സമീപനം ശരിയല്ല. എല്ലാവരുടേയും മനസ് നന്നാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു