ഇന്ന് അദ്ധ്യാപക ദിനം ; കാടു താണ്ടി, കുന്നിറങ്ങി വരുന്നു ഭാസ്‌കരൻ മാഷ്

Sunday 05 September 2021 12:18 AM IST

കമ്മാടി (കാസർകോട്): കൊടും കാട്ടിലൂടെ, ചെങ്കുത്തായ കുന്നും പേടിപ്പെടുത്തുന്ന തോടുകളും കടന്ന് ഭാസ്‌കരൻ മാഷ് സ്‌കൂളിലെത്തും. അങ്ങോട്ടുമിങ്ങോട്ടുമായി 10 കിലോമീറ്റർ കാൽനട. പാണത്തൂർ കുടിയ സമുദായ കോളനിയായ കമ്മാടി ഭിന്നതല ബോധന കേന്ദ്രത്തിലെ ഏകാദ്ധ്യാപകൻ എം.കെ.ഭാസ്‌കരൻ (41) കഴിഞ്ഞ 19 വർഷമായി ഈ യാത്ര തുടരുന്നു.

ഇഴജന്തുക്കളും വന്യമൃഗങ്ങളും നിറഞ്ഞ കാട്. കാട്ടാനക്കൂട്ടത്തിനു മുന്നിൽ പലതവണ പെട്ടു. തകർന്ന കാട്ടുവഴിയിൽ തെന്നി വീണ് പരിക്കേറ്റു. മഴയൊന്നു ചാറിയാൽ അട്ട കടിച്ചു തൂങ്ങും. പക്ഷേ, ഊരിലെ പള്ളിക്കൂടത്തിൽ തന്നെയും കാത്തിരിക്കുന്ന കുഞ്ഞോമനകളുടെ അടുത്തെത്താനുള്ള വ്യഗ്രതയിൽ അവയൊന്നും ഭാസ്‌കരൻ മാഷിനെ ഭയപ്പെടുത്തുന്നില്ല.

കൊവിഡ് കാലത്തും ആഴ്‌ചയിൽ രണ്ടു ദിവസം സ്‌കൂളിലെത്തും മാഷ്. കോളനിയിലെ കുട്ടികൾക്ക് സൗജന്യമായി ട്യൂഷനുമെടുക്കുന്നു. 2000ത്തിൽ ആരംഭിച്ച കമ്മാടി സ്‌കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണുള്ളത്. കോളനിയിലെ 42 കുടുംബങ്ങളിലെ 60 കുട്ടികളുണ്ട്. ഇവിടെ നിന്ന് അര കിലോമീറ്റർ നടന്നാൽ കർണാടകത്തിന്റെ കാടായി.

 സ്‌കൂൾ യാത്ര ഇങ്ങനെ

ഭാസ്‌കരൻ മാഷ് താമസിക്കുന്ന പാണത്തൂർ മൈലാട്ടിയിൽ നിന്നു 18 കിലോമീറ്റർ ദൂരമുണ്ട് കമ്മാടി സ്‌കൂളിലേക്ക്. രാവിലെ 7ന് വീട്ടിൽ നിന്നിറങ്ങും. 10 കിലോമീറ്റർ അകലെ കല്ലപ്പള്ളി വരെ ജീപ്പിൽ പോകും. ജീപ്പിറങ്ങി കാട്ടിലൂടെ 5 കിലോമീറ്റർ രണ്ടര മണിക്കൂറിൽ നടന്ന് സ്‌കൂളിലെത്തും. വൈകിട്ട് 4ന് തിരിച്ചും അതേ നടത്തം. കൊവിഡ് തുടങ്ങിയ ശേഷം ജീപ്പ് സർവീസില്ല. അതുവഴി വരുന്ന സ്‌കൂട്ടറോ കർണ്ണാടക സുള്‌ള്യ മെഡിക്കൽ കോളേജിൽ പോയി വരുന്നവരുടെ വാഹനമോ ആണ് ആശ്രയം. ഡിഗ്രിയും ടി.ടി.സിയും പാസായ ഭാസ്‌കരൻ പട്ടിക വിഭാഗമായ മാവിലൻ സമുദായാംഗമാണ്. ഭാര്യ സജിനി. ഒൻപതിൽ പഠിക്കുന്ന കരുണും എട്ടാം ക്ലാസുകാരൻ അഭിനവും മക്കൾ. ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ ജോലി സ്ഥിരപ്പെട്ടു കിട്ടി.

Advertisement
Advertisement