സ്ത്രീകളെ വീടുകളിൽ തളച്ചിടാനുള്ളതല്ല: മുഖ്യമന്ത്രി

Saturday 04 September 2021 11:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ മേഖലയിൽ പിന്നിലാണെന്നും ഇതിൽ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച 'സ്ത്രീ പുരുഷ സമത്വം, സമം" പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടുക്കള പണിക്കൊപ്പം വയോജന-ശിശുപരിപാലനവും നിർവഹിക്കേണ്ടിവരുന്നുണ്ട്. ഇതെല്ലാം സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണെന്ന പൊതുബോധത്തിൽ മാറ്റം വരണം. ഇതിനായി ബോധവത്കരണം ഉണ്ടാകണം.


പദ്ധതികൾ നടപ്പാക്കുന്നതിന് സ്ത്രീകൾക്ക് ആർജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാൻ അധികാരവികേന്ദ്രീകരണത്തിന് സാധിച്ചു. യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകർന്നു വീണത്. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതിൻെറ നാഴികക്കല്ലായാണ് കുടുംബശ്രീയുടെ രൂപീകരണത്തെയും വളർച്ചയെയും കാണേണ്ടത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു. സമം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഗായിക കെ. എസ്. ചിത്രയുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയും ചടങ്ങിൽ സംബന്ധിച്ചു.
അടുത്ത ഒരു വർഷത്തിനിടെ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1001 വനിതകളെ ആദരിക്കും. ഉദ്ഘാടന ചടങ്ങിൽ കെ. എസ്. ചിത്ര, നഞ്ചിഅമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, എം.ഡി. വത്സമ്മ, ജസ്റ്റിസ് എം.ഫാത്തിമ ബീവി, മുൻ ഡി.ജി.പി ആർ. ശ്രീലേഖ, മേയർ ആര്യാ രാജേന്ദ്രൻ, ഡോ. കെ. ഓമനക്കുട്ടി, നാടക-സിനിമ പ്രവർത്തക സേതുലക്ഷ്മി, കാമറ വിമൻ ഫൗസിയ ഫാത്തിമ, വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ്, ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന കെ.സി.രേഖ എന്നിവരെ ആദരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.വി.ഗോവിന്ദൻ, ആൻറണി രാജു, ജി.ആർ. അനിൽ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement