മത്സ്യബന്ധന ബോട്ടിൽ നിന്ന് നിരോധിത വലകൾ പിടികൂടി

Sunday 05 September 2021 12:00 AM IST

ബേപ്പൂർ: മത്സ്യബന്ധന ബോട്ടിൽ നിന്ന് നിരോധിത വലകളായ ഡബിൾ നെറ്റ് (പെലാജിക് വലകൾ ) മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ബേപ്പൂർ തുറമുഖത്തിന് സമീപം ബേപ്പൂർ മുടക്കയിൽ വീട്ടിൽ മുരളീധരന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ രണ്ട് എന്ന ബോട്ടിൽ നിന്നാണ് വലകൾ പിടികൂടിയത്. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനിയുടെ നിർദ്ദേശത്തെ തുടർന്ന് ബേപ്പൂർ ഫിഷറീസ് അസി.ഡയറക്ടർ ലബീബ് കെ.എ , മറൈൻ ഫോഴ്‌സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ അനീശൻ എ.കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യ സമ്പത്തിന് നാശം വിതയ്ക്കുന്ന ഇത്തരം നിരോധിത വലകൾ ജില്ലയിലെ ബോട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി ഉയർന്നതിനാൽ പട്രോളിംഗ് കർശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധനകൾ കർശനമാക്കുമെന്നും നിയമ ലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു. പരിശോധനയിൽ ഫിഷറീസ് ഗാർഡുമാരായ സന്തോഷ് കുമാർ, രാജീവൻ , രൂപേഷ് റസ്‌ക്യൂ ഗാർഡുമാരായ ഷൈജു, രാജേഷ് എന്നവർ പങ്കെടുത്തു.

Advertisement
Advertisement