ഡി.സി.സികളിലേക്ക് മാറുന്നത് വ്യാപനം കുറയ്ക്കും: മന്ത്രി ശശീന്ദ്രൻ

Sunday 05 September 2021 12:00 AM IST

കോഴിക്കോട്: വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർ ഡി.സി.സികളിലേക്ക് മാറുന്നത് രോഗ വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന ജില്ലാതല അവലോകന യോഗം കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തി.

ഓക്‌സിജൻ ലഭ്യത, ആശുപത്രികളിലെ കിടക്കകൾ, ഐ.സി.യു സൗകര്യങ്ങൾ, വാക്‌സിൻ വിതരണം, പൊലീസ് സംവിധാനം എന്നിവ വിലയിരുത്തി. രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. അനാവശ്യ യാത്രകൾ നിയന്ത്രിക്കുന്നതിന് കണ്ടെയ്ൻമെന്റ് സോണുകളിലടക്കം പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ ഇട റോഡുകൾ അടയ്ക്കണം. വാക്‌സിൻ വിതരണത്തിൽ കുറവുണ്ടെങ്കിൽ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

നെറ്റ്‌വർക്ക് സൗകര്യം കുറവുള്ളതിനാൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ടുന്ന മലയോര പ്രദേശങ്ങളിൽ 'സ്‌പോട്ട് വാക്‌സിൻ' വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ഡി.സി.പി സ്വപ്‌നിൽ മധുകർ മഹാജൻ, കോഴിക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, മെഡിസിൻ വിഭാഗം തലവൻ ഡോ.ജയേഷ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement