ലോക്ക്ഡൗൺ ലംഘിച്ച് സി പി എമ്മിന്റെ സ്വീകരണയോഗം, പങ്കെടുത്തത് നൂറിലധികം പേർ

Monday 06 September 2021 12:03 PM IST

പത്തനംതിട്ട: ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് സി പി എമ്മിന്റെ സ്വീകരണ പരിപാടി. തിരുവല്ല കുറ്റൂരിൽ പൊതുവഴിലായിരുന്നു സർക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നഗ്നമായ ലംഘനം നടന്നത്. നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.സംസ്ഥാന, ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

മറ്റുപാർട്ടിക്കാരായ കുടുംബങ്ങൾ സി പി എമ്മിൽ ചേർന്നതിനോടനുബന്ധിച്ചുള്ള പൊതുയോഗമാണ് കുറ്റൂരിൽ നടന്നത്. നാൽപ്പത്തൊമ്പത് കുടുംബങ്ങൾ സി പി എമ്മിൽ ചേർന്നു എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നത്. ഇവരെ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും ജില്ലാ സെക്രട്ടറിയും സ്വീകരണ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുറ്റൂരിൽ സ്വീകരണ പരിപാടി നടന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മതിച്ചിട്ടുണ്ട്. നടന്നത് പൊതുയോഗമായിരുന്നില്ലെന്നും ആൾക്കൂട്ടമുണ്ടായില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ തുടർന്നാണ് സർക്കാർ ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തൽ ഉൾപ്പടെയുള്ള കർശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.