തെക്കൻ ജില്ലകളിലേക്ക് വ്യാപക മരംകടത്ത്

Tuesday 07 September 2021 12:00 AM IST

കാസർകോട്: പരിശോധനയിലെ പഴുത് ഉപയോഗിച്ച് കാസർകോട് ജില്ലയിൽ നിന്നും തെക്കൻ ജില്ലകളിലേക്ക് ലോഡുകണക്കിന് കാട്ടുമരത്തടികൾ കടത്തുന്നു. കാസർകോടിന്റെ മലയോര മേഖലകളിൽ നിന്നാണ് മരം മുറിച്ചുകടത്തുന്നത്.

മിക്കപ്പോഴും അമിതഭാരവുമായി പോകുന്ന ഈ ലോറികൾ വലിയ അപകടഭീഷണിയും ഉയർത്തുന്നുണ്ട്.

ഒമ്പത് ടൺ പെർമിറ്റുള്ള ആറു ചക്ര വാഹനത്തിൽ 25 ടൺ മരം വരെ കയറ്റുകയാണ്. 16 ടൺ പെർമിറ്റുള്ള 10 ചക്ര വാഹനത്തിൽ 35 ടണ്ണും 25 ടൺ പെർമിറ്റുള്ള 12 ചക്ര വാഹനത്തിൽ 40 ടണ്ണും 30 ടൺ പെർമിറ്റുള്ള 14 ചക്രവാഹനത്തിൽ 50 ടണ്ണും വരെയാണ് കടത്തുന്നത്. മര വ്യവസായ യൂണിറ്റുകൾ ധാരാളമുള്ള കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് കാസർകോട്, പരപ്പ, പണത്തൂർ, ചീമേനി, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അമിതഭാരം കയറ്റിയ ലോറികൾ പോകുന്നത്. ജില്ലയിലെ മര വ്യവസായത്തിന്റെ നട്ടെല്ലൊടിക്കും വിധം ലേലത്തിൽ ഉയർന്ന തുകയ്ക്ക് മരം പിടിച്ചാണ് അന്യജില്ലയിലേക്കുള്ള കടത്ത്.

കടത്ത് രാത്രികാലത്ത്

അമിതഭാരം കയറ്റിയ ലോറികളാണ് രാത്രി കാലത്ത് ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. മുട്ടിൽ മരംമുറി വിവാദത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നുവെങ്കിലും പിന്നീട് അത് വഴിപാടായി. നിരപരാധികളായ ചില കർഷകരുടെ പേരിൽ കേസെടുത്ത് വനംവകുപ്പ് അധികൃതർ മരം കൊള്ള നടത്തുന്ന വൻതോക്കുകളെ തൊടാൻ തയ്യാറാകുന്നുമില്ല. കൃഷി ആവശ്യത്തിന് സ്വന്തം പറമ്പിലെ മരം മുറിച്ച ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.

Advertisement
Advertisement