ഒറ്റ ദിവസം, നിപ ലാബ് റെഡി !

Tuesday 07 September 2021 12:02 AM IST
മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയ നിപ ലാബ്

കോഴിക്കോട് : നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ ഒറ്റ ദിവസംകൊണ്ട് സജ്ജമാക്കി ആരോഗ്യവകുപ്പ്. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ മൂന്ന് സ്ഥാപനങ്ങളുടെയും ജീവനക്കാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. നിപ വൈറസ് പരിശോധനയ്ക്കുള്ള അർ.ടി.പി.സി.ആർ, പോയിന്റ് ഒഫ് കെയർ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ലാബിൽ നടത്തുക.

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പൂനയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി എത്തിച്ചു. അപകടകരമായ വൈറസായതിനാൽ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാൽ കൺഫർമേഷൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എൻ.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കാമെന്ന് എൻ.ഐ.വി. പൂന ഉറപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement