നി​പ​: ​ജി​ല്ല​യിൽ പ്ര​തി​രോ​ധ​ക്കോ​ട്ട

Tuesday 07 September 2021 12:53 AM IST

കൊച്ചി: കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിൽ മുൻകരുതൽ ശക്തമാക്കി. സർക്കാർ - സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹോമിയോ- ആയുർവേദ മെഡിക്കൽ ഓഫീസർമാരുമായും ഡി.എം.ഒ ചർച്ചകൾ നടത്തി. ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ യോഗവും ചേർന്നു.

ജില്ലയിലെ മുഴുവൻ സർക്കാർ ഡോക്ടർമാരും പങ്കെടുക്കുന്ന യോഗം ഇന്ന് ചേരും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ചർച്ചയാകും. ഉച്ചയ്ക്ക് ശേഷം ഫീൽഡുതല ഓഫീസർമാരുടെയും യോഗങ്ങളാണ് ചേരുക.

നിപയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലും രോഗലക്ഷണങ്ങൾ സംബന്ധിച്ചും ജില്ലാ മാസ് മീഡിയാ വിഭാഗം പ്രചാരണം തുടങ്ങിയിട്ടുണ്ട്. പനിയും ജലദോഷവുമായെത്തുന്നവരിൽ നിപ സംശയം( അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം)തോന്നിയാൽ കർശന പരിശോധനകൾ നടത്തും. സമ്പർക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ആരംഭിക്കും.


 രോഗം സ്ഥിരീകരിച്ചാൽ

  • സമ്പർക്ക പട്ടിക
  • റൂട്ട് മാപ്പ്
  • പ്രാദേശിക ലോക്ക്ഡൗൺ
  • ലക്ഷണമുള്ളവരെ ഹൈറിസ്‌ക്-ലോ റിസ്‌ക് തരംതിരിക്കൽ
  • ഹൈറിസ്‌കിന് 21 ദിവസം ക്വാറന്റൈൻ
  • ലോറിസ്‌ക്കുകാരെ നിരന്തരം നിരീക്ഷിക്കും

 ലക്ഷണങ്ങൾ

  • പനി,തലവേദന,ചുമ
  • തലകറക്കം,ബോധക്ഷയം
  • വയറു വേദന, മനംപിരട്ടൽ, ഛർദി
  • ക്ഷീണം, കാഴ്ച മങ്ങൽ

 പ്രതിരോധ മാർഗങ്ങൾ

  • വവ്വാലുകൾ കടിച്ചതെന്ന് തോന്നിക്കുന്ന പേരയ്ക്ക, മാങ്ങ,ചാമ്പക്ക, റമ്പൂട്ടാൻ തുടങ്ങിയ എല്ലാ ഫലങ്ങളും ഒഴിവാക്കുക
  • കൈകൾ ശുചിയാക്കുക
  • രോഗിയുമായും രോഗലക്ഷണങ്ങൾ ഉള്ളവരുമായും ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക

 രോഗം പകരുന്നത്

  • വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക്
  • മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്

രോഗ സ്ഥിരീകരണം തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.  ജില്ലയിൽ മുൻപും

2019 ജൂണിൽ പറവൂർ വടക്കേക്കര പഞ്ചായത്തിലെ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സിച്ച് ഭേദമാവുകയും ചെയ്തു.

Advertisement
Advertisement