പിടിച്ചുവാങ്ങിയ ശേഷം പിടിച്ചുപറിക്കാൻ ശ്രമം! ദേശീയപാത നഷ്ടപരിഹാരത്തുകയിൽ നിന്ന് വരുമാന നികുതി പിടിക്കാൻ നീക്കം

Tuesday 07 September 2021 12:00 AM IST

ദേശീയപാത നഷ്ടപരിഹാരത്തുകയിൽ നിന്ന് വരുമാന നികുതി പിടിക്കാൻ നീക്കം

കൊല്ലം: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഭൂമിയും വീടും കച്ചവട സ്ഥാപനങ്ങളും കൃഷിയും നഷ്ടമാകുന്നവരെ കൊള്ളയടിക്കാൻ നീക്കം. നഷ്ടപരിഹാര തുകയുടെ പത്ത് ശതമാനം വരുമാന നികുതിയായി വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ നഷ്ടപരിഹാരവിതരണംതന്നെ നിറുത്തിവച്ചു.

റൈറ്റ് ടു കോമ്പൻസേഷൻ ആക്ട് പ്രകാരമാണ് ഭൂമിയും വീടും മറ്റു കെട്ടിടങ്ങളും വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ഈ നിയമപ്രകാരമുള്ള നഷ്ടപരിഹാര വിതരണത്തിന് ഇൻകം ടാക്സ് ബാധകമല്ല. പക്ഷേ ടാക്സ് നൽകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന് സർക്കാരിൽ നിന്ന് കത്ത് ലഭിച്ചതോടെ കൊല്ലം ജില്ലയിലെ നഷ്ടപരിഹാര വിതരണം നിറുത്തിവച്ചിരിക്കുകയാണ്. പൊന്നുംവിലയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തുക വിപണി വിലയുടെ പകുതി പോലുമില്ല. ഇതിനിടെയാണ് ഇൻകം ടാക്സായി ഇതിൽ നിന്ന് പിടിച്ചുപറിക്കാൻ ശ്രമിക്കുന്നത്.

ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകുന്നവരിൽ 5,600 ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള വിശദമായ റിപ്പോർട്ട് ജില്ലയിലെ ദേശീപാതാ സ്ഥലമേറ്റെടുപ്പ് വിഭാഗം സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിട്ടിക്കും സമർപ്പിച്ചു. 6600 ഭൂവുടമകളിൽ നിന്നായി 60 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്രെടുക്കുന്നത്. നഷ്ടപരിഹാരത്തിനായി 2,200 കോടിയുടെ പാക്കേജ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർക്ക് 17 കോടി മാത്രമാണ് ഇതുവരെ നൽകിയത്. തുകവിതരണം സ്തംഭിച്ചിട്ട് ഒരു മാസമായി. ഭൂമി ഏറ്റെടുക്കൽ വൈകുന്നത് റോഡ് വികസനത്തെയും ബാധിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യ റീച്ചിന്റെ കരാറായെങ്കിലും നഷ്ടപരിഹാരം നൽകി ഭൂമിയുടെ ഉടമസ്ഥത മാറ്റാത്തതിനാൽ പ്രവർത്തനങ്ങൾ വൈകുകയാണ്.

ആകെ പ്രതിസന്ധി

നഷ്ടപരിഹാര വിതരണം അവതാളത്തിലായതോടെ ആയിരക്കണക്കിന് ഭൂഉടമകളാണ് പ്രതിസന്ധിയിലായത്. ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയുന്നില്ല. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർ ഉടൻ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പുതിയ വസ്തുവിനും വീടിനും വിലയുറപ്പിച്ചിരുന്നു. ഈ കച്ചടവടങ്ങളെല്ലാം ഇപ്പോൾ തെറ്റുന്ന അവസ്ഥയിലാണ്.

ദേശീയപാത വികസനം

 ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ: 56.03 കിലോമീറ്റർ

 ഭൂമി ഏറ്റെടുക്കുന്നത്: 22.05 മീറ്റർ (മദ്ധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കും)

 5,600: ഭൂമി വിട്ടുകൊടുക്കുന്ന ഉടമകളുടെ എണ്ണം

 ₹ 1,000 കോടി: പ്രതീക്ഷിക്കുന്ന പുനരധിവാസ പാക്കേജ്

 ₹ 2,200 കോടി: നഷ്ടപരിഹാര പാക്കേജ്

Advertisement
Advertisement