സംഗീതത്തെ ഹൃദയത്തോട് ചേർത്ത് മൂന്നു തലമുറ

Tuesday 07 September 2021 12:56 AM IST

കളമശേരി: ഏലൂർ മഞ്ഞുമ്മൽ രാഗശ്രീയിൽ നിന്നൊഴുകിയെത്തുന്ന സപ്തസ്വരങ്ങളുടെ ആരോഹണ അവരോഹണങ്ങൾ കേട്ടുണരാനുള്ള ഭാഗ്യം ലഭിച്ചവരാണ് കൊച്ചാൽ മാടപ്പാട്ട് റസിഡന്റ്സ് നിവാസികൾ. ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്ന ബി.മോഹനനും മകനും പുലർച്ചെ തംബുരു ശ്രുതി മീട്ടി സാധകം ചെയ്യുന്ന സമയമാണത്.

ജോലിയിൽനിന്ന് വി.ആർ.എസ് എടുത്ത് ജീവിതം സംഗീതത്തിന് സമർപ്പിച്ച വ്യക്തിയാണ് മോഹനൻ.

അക്ഷര ശ്ലോകം, കവിതാലാപനം, കാവ്യകേളി, ശാസ്ത്രീയ സംഗീതം തുടങ്ങിയവ പഠിപ്പിക്കും. 5 വയസു മുതൽ 70 വരെ പ്രായമുള്ളവർ ശിഷ്യരാണ്. ഏകദേശം അയ്യായിരത്തോളം ശിഷ്യന്മാരുണ്ട്. പാലാ സി.കെ.രാമചന്ദ്രൻ , മധുസൂദനമേനോൻ , ആര്യനാട് സദാശിവൻ എന്നിവരിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്.

സ്കൂൾ കോളേജ് മത്സരങ്ങളിലും, കൈരളി ചാനലിലെ മാമ്പഴ പരിപാടിയിലും സമ്മാനർഹരായ കുട്ടികളിൽ ബി.മോഹനന്റെ ശിഷ്യരുണ്ട്. നിധിൻ, മേഘനവാര്യർ, ദേവിക വേണുഗോപാൽ, ലക്ഷ്മി രാജൻ , ഇവരെല്ലാം പ്രിയശിഷ്യരാണ്. സംസ്ഥാന യുവജനോത്സവത്തിൽ സംസ്കൃത പാരായണത്തിന് ഒന്നാം സമ്മാനം ലഭിച്ച ഷഫിനയും ഇദ്ദേഹത്തിന്റെ ശിഷ്യയാണ്. പ്രായം 75 ആയെങ്കിലും പതിനായിരത്തോളം അക്ഷരശ്ലോകവും 50 ൽ പരം കവിതകളും ഇന്നും മന:പാഠമാണ്. ശ്ലോകങ്ങളും കവിതകളും രചിക്കാറുണ്ട്. ഗുരുദേവൻ മാസികയിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

എഫ്. എം. സ്റ്റേഷനിൽ പതിവായി പരിപാടി അവതരിപ്പിക്കുന്ന മോഹനൻ കൊല്ലം ജില്ലയിലെ കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിൽ 45 വർഷം തുടർച്ചയായി സംഗീത കച്ചേരി നടത്തിവരുന്നു. മകൻ സുദീപ് 5 വർഷം യുവജനോത്സവത്തിൽ കലാപ്രതിഭയായിരുന്നു. എച്ച്.എൽ .എൽ ഉദ്യോഗസ്ഥനാണെങ്കിലും അച്ഛനോടൊപ്പം കച്ചേരിക്ക് പങ്കെടുക്കും. മകൾ മഞ്ജുവിന്റെ കുട്ടി പല്ലവിയും സംഗീത പാരമ്പര്യം പിൻതുടരുന്നുണ്ട്. മൂന്നു തലമുറയുടെ സംഗീത അഭിരുചികളെ പ്രോത്സാഹിപ്പിച്ചും പിൻതുണച്ചും ഭാര്യ സരളാദേവിയും കൂടെയുണ്ട്.

Advertisement
Advertisement