നിപ പ്രതിരോധം; ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടച്ചിടുമെന്ന് പ‌ഞ്ചായത്ത് പ്രസിഡന്റ്

Tuesday 07 September 2021 12:35 PM IST

കോഴിക്കോട്: പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരണമടഞ്ഞ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂ‌‌ർണമായും അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൾ ഗഫൂർ അറിയിച്ചു. നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്. എന്നാൽ പരീക്ഷകൾക്കും അവശ്യ സർവീസുകൾക്കും അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുഴുവനും കണ്ടെയിൻമെന്റ് സോണാക്കി കളക്‌ടറുടെ ഉത്തരവുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടുന്നത്. പഞ്ചായത്തിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മരണമടഞ്ഞ കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിൽ 48 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുണ്ടായിരുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെ അടുത്ത ബന്ധമുള‌ള എട്ടുപേരുടെ സാമ്പിൾ പരിശോധനാ ഫലം വന്നു. പൂനെ വൈറോളജി ലാബിലയച്ച ഇവരുടെ ഫലം നെഗറ്റീവാണ്. കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞെന്നും മറ്റ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവർക്ക് കാര്യമായ രോഗമില്ല.

കുട്ടിയുടെ വീടും പരിസരവും ഞായറാഴ്‌ച തന്നെ കേന്ദ്ര സംഘം സന്ദർശിക്കുകയും കുട്ടിക്ക് രോഗം വന്നുവെന്ന് സംശയിക്കുന്ന റമ്പൂട്ടാനിൽ നിന്നും സാമ്പിളെടുത്തു. പ്രദേശത്തെ വളർത്ത് മൃഗങ്ങളുടേതുൾപ്പടെ സാമ്പിൾ ശേഖരിക്കുകയും ചെയ്‌തു. കുട്ടി റമ്പൂട്ടാൻ കഴിച്ച മരത്തിന് സമീപം വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവിടെ അടുത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ വവ്വാലുകളുടെ കോളനിയും കണ്ടെത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Advertisement
Advertisement