പൂഴി കടത്തുന്ന ഇരുചക്ര വാഹനങ്ങൾ കണ്ടുകെട്ടുന്നു

Wednesday 08 September 2021 12:02 AM IST
അനുമതി കിട്ടിയാൽ കണ്ടുകെട്ടുന്നതും കാത്ത്.. മേൽപറമ്പ് പൊലീസ് പിടികൂടിയ ഇരുചക്ര വാഹനങ്ങൾ

കാസർകോട് :പൂഴി കടത്ത് വാഹനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ പൊലീസ് നീക്കം. കീഴൂർ, ചെമ്പരിക്ക, കളനാട് ഭാഗങ്ങളിൽ അനധികൃതമായി പൂഴി കടത്തുവാൻ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ പിടികൂടി സർക്കാറിലേക്ക് കണ്ടു കെട്ടാൻ മേല്പറമ്പ പൊലീസ് ആണ് റിപ്പോർട്ട് നല്കിയത്. ഇതാദ്യമാണ് പൊലീസിന്റെ ഈ നടപടി.

പരിശോധന ഊർജിതമായതോടെ പ്രധാന റോഡുകളിൽ നിന്ന് മാറി എളുപ്പത്തിൽ സഞ്ചരിക്കാൻ പൂഴി കടത്തുകാർ ഊടുവഴികൾ തിരഞ്ഞെടുക്കുകയും മൂന്നോ നാലോ പ്ളാസ്റ്റിക് ചാക്കുകളിൽ പൂഴി നിറച്ച് സ്കൂട്ടികൾ ഉപയോഗിച്ച് പൂഴി കടത്താനും തുടങ്ങിയതോടെയാണ് പൊലീസിന്റെ കടുത്ത നീക്കം.

ഒരു ചാക്ക്പൂഴി എത്തിച്ചു കൊടുത്താൽ നൂറു മുതൽ ഇരുന്നൂറ് രൂപ വരെ കടത്തുകാർക്ക് നല്കുവാൻ ആവശ്യക്കാരുമുണ്ട്. പൊലീസിനെ കണ്ടാൽ വാഹനം ഉപേക്ഷിച്ച് കടത്തുകാർ ഓടി രക്ഷപ്പെടും. ഇത്തരക്കാരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചാൽ അപകടമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് പൊലീസ് പരിശോധന നടത്തി വരുന്നത്. മേല്പറമ്പ പൊലീസും കീഴൂർ ഔട്ട് പോസ്റ്റിലെ ഫ്ളയിംഗ് സ്ക്വാഡിലെ പൊലീസുകാരും ചേർന്ന് കഴിഞ്ഞ നാളുകളിലായി നിരവധി വാഹനങ്ങൾ പിടികൂടിയിരുന്നു.

അതേസമയം, പൊലീസ് പിടികൂടുന്ന പല വാഹനങ്ങൾക്കും മതിയായ രേഖകളോ നമ്പറുകളോ പോലും ഉണ്ടാവാറില്ല. വാഹനങ്ങളുടെ ഉടമസ്ഥരെ പിന്നീട് തിരിച്ചറിയുമ്പോൾ പലരും വളരെ നേരത്തേ വില്പന നടത്തിയതായും കൈമാറി കൈമാറി അനധികൃത കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതായും മനസിലാവാറുണ്ട്. എന്നാൽ ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ ആർ.സി മാറ്റാത്ത വാഹന ഉടമകളുടെ പേരിലും നിയമ നടപടികൾ സ്വീകരിക്കുമെന്ന് മേല്പറമ്പ സി.ഐ ടി. ഉത്തംദാസ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement