ജീവപര്യന്തം തടവുകാരൻ പൂജപ്പുര ജയിൽ ചാടി

Wednesday 08 September 2021 12:00 AM IST

 അസി. പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലിക്ക് നിയോഗിച്ച തടവുകാരൻ, അസി. പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടി ഓട്ടോയിൽക്കയറി രക്ഷപ്പെട്ടു. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈനാണ് (48) ജയിൽ ചാടിയത്. ഇന്നലെ രാവിലെയാണ് സംഭവം. തമിഴ്നാട്ടിലേക്ക് കടന്നുവെന്ന സംശയത്തെതുടർന്ന് അവിടത്തെ പൊലീസിന്റെ സഹായം തേടി. മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അസി. പ്രിസൺ ഓഫീസർ പി.എസ്.അമലിനെ സസ്‌പെൻഡ് ചെയ്തു. സംഭവം ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി അന്വേഷിക്കും.

തടവുകാരുടെ വസ്ത്രങ്ങൾ അലക്കുന്ന പവർ ലോൺട്രി കേന്ദ്രത്തിൽ രാവിലെ ഏഴരയ്ക്കാണ് മറ്റൊരു തടവുകാരനൊപ്പം ജാഹിറിനെ ജോലിക്കെത്തിച്ചത്. ജാഹിറിന് പതിവായി ഇവിടെയായിരുന്നു ഡ്യൂട്ടി. സുരക്ഷയ്ക്കായി ഒരു ജയിൽ ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രഭാതഭക്ഷണം എടുക്കാൻ ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന തടവുകാരനും ഭക്ഷണശാലയിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ജയിൽവളപ്പിൽ നിന്ന് നേരെ റോഡിലേക്കിറങ്ങി കൈയിൽ കരുതിയിരുന്ന ഷർട്ട് മാറിയശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് ജയിൽ മതിലിന് ഉയരം കുറവാണ്. ഇതുവഴി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഭാഗത്തെ റോഡിലിറങ്ങുകയായിരുന്നു. അവിടെനിന്ന് കയറി തൈക്കാട് ആശുപത്രിക്ക് സമീപം ഇറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. തമ്പാനൂരിലെത്തി ബസിലോ ട്രെയിനിലോ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് സംശയം. രണ്ട് കേസുകളിൽ പ്രതിയായ ജാഹിർ 2004 മുതൽ ജയിലിലുണ്ട്. വിശ്വസ്തനായിരുന്നതിനാൽ കൂടുതൽ സുരക്ഷയേർപ്പെടുത്തിയിരുന്നില്ല. പതിവായി ഒരേ ജോലിക്കാണ് നിയോഗിച്ചിരുന്നത്.

 മുങ്ങൽ പതിവ്

# ചാലയിലെ സ്​റ്റാർ ടൂൾസ് ഉടമ സെയ്ദ് ഇബ്രാഹിമിന്റെ ജീവനക്കാരനും തമിഴ്നാട് കായൽ പട്ടണം സ്വദേശിയുമായ ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂൺ 15നാണ് ജാഹിറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ വിലയുള്ള ക്രിസ്​റ്റൽ ബീ​റ്റ്സ് എന്ന വർണക്കല്ലുകൾ കവരാനാണ് 2004 ജൂലായ് ഏഴിന് ബലവാൻ നഗറിലെ വീട്ടിൽ വച്ച് ഷംസുദ്ദീനെ കൊലപ്പെടുത്തിയത്. പിടിയിലായെങ്കിലും വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി. കൂട്ടുപ്രതി ശിക്ഷിക്കപ്പെട്ട ശേഷം 2009ലാണ് പിടിയിലായത്.

Advertisement
Advertisement