വിപണിക്ക് നഷ്ടം

Wednesday 08 September 2021 1:26 AM IST

മുംബയ്: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് 17.43 പോയന്റ് താഴ്ന്ന് 58,279.48ലും നിഫ്റ്റി 15.70 പോയന്റ് നഷ്ടത്തിൽ 17,362.10ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ഘടകങ്ങൾ വിപണിയെ സ്വാധീനിച്ചതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതും സൂചികകളെ സമ്മർദത്തിലാക്കി. സൺ ഫാർമ, ബി.പി.സി.എൽ, ഹിൻഡാൽകോ, ആക്‌സിസ് ബാങ്ക്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌.സി.എൽ ടെക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്‌സ്, ഒ.എൻ.ജി.സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഭാരതി എയർടെൽ, എച്ച്.ഡി.എഫ്‌.സി, ഗ്രാസിം, ഐ.ടി.സി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, നെസ്‌ലെ, ശ്രീ സിമെന്റ്‌സ്, റിലയൻസ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്.