ഒ​ച്ചി​നെ​ ​കൊ​ല്ലാം പരീക്ഷണമരുത്

Wednesday 08 September 2021 12:27 AM IST

കൊച്ചി: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് പേടിസ്വപ്‌നമായ ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുത്തൻ രാസ്ത്ര തന്ത്രങ്ങൾ പയറ്റുന്നവർ ജാഗ്രത പാലിക്കണം. പരീക്ഷണം അപകടമായി മാറാൻ സാദ്ധ്യതയുണ്ട്. കരുതൽ വേണമെന്നാണ് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്.

ബ്ലീച്ചും ഉപ്പ് പൊടിയും തമ്മിൽ കലർത്തി പൊടി വിതറി ചിലർ പരീക്ഷണം നടത്തി. അപ്പോൾ പ്രശ്‌നമുണ്ടായില്ല. രാവിലെ ഉപ്പ് വിതറിയ ആളുടെ കൈകളിലെ നീറ്റൽ ഏറെനേരം കഴിഞ്ഞിട്ടും മാറിയില്ല. പൊള്ളിയതാണ്. പാടും വീണു. രണ്ടു ദിവസമെടുത്തു അസ്വസ്ഥത മാറാൻ.
തറയും ബാത്‌റൂമുമെല്ലാം വൃത്തിയാക്കാനുപയോഗിക്കുന്ന ലോഷനുകളും ഉപ്പും ബ്ലീച്ചുമെല്ലാമാണ് ചിലർ കൂട്ടികലർത്തിയത്. എല്ലാം രാസവസ്തുക്കൾ. കൂട്ടി കലർത്തിയാൽ വീര്യം കൂടുന്നവ. പ്രത്യാഘാതങ്ങളും പ്രശ്‌നങ്ങളും അറിയാതെ കൂട്ടിക്കലർത്തിയാൽ ആരോഗ്യത്തിന് ഹാനികരമാകും.
കല്ലുപ്പും ബ്ലീച്ചും തമ്മിൽ കലർത്തിയാലാണ് അസ്വസ്ഥതകൾക്ക് സാദ്ധ്യത കൂടുതൽ. കലർത്തുമ്പോൾ ബ്ലീച്ചിന്റെ വീര്യം കൂടും. നേർപ്പിക്കാത്ത ബ്ലീച്ചാണ് കലർത്തുന്നതെങ്കിലും പാർശ്വഫലം ഉറപ്പ്.
ലോഷനുകളും ബ്ലീച്ചും തമ്മിലും കലർത്തരുതെന്നും വിദഗ്‌ദ്ധർ പറയുന്നു. ലോഷനുകളിൽ ആൽക്കലി അടങ്ങിയിണ്ട്. ആസിഡും ആൽക്കലിയും തമ്മിൽ ചേർന്നാൽ പൊള്ളലിനുൾപ്പെടെ സാദ്ധ്യതയുണ്ട്.


ഉപ്പു പൊടിയും ബ്ലീച്ചിംഗ് പൗഡറും കലർത്തി നോക്കിയതാണ്. 10മണിക്കൂറിലേറെയെടുത്തു കൈകളിലെ നീറ്റൽ മാറാൻ.

അനിൽ ,തമ്മനം


ഒച്ചിനെ തുരത്താൻ പ്രശ്‌നങ്ങളില്ലാത്ത ഏറെ വഴികളുണ്ട്. അത്തരം ശ്രമങ്ങൾ നടത്തി ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. കെമിക്കലുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി.

പി.ബി. ഗോപിനാഥ്,കൗൺസിലർ,ഏലൂർ നഗരസഭ


ബ്ലീച്ചുകൾ പലതരം
ബ്ലീച്ചുകൾ പലതരമുണ്ട്. ഇതറിയാതെയാണ് പലരും പരീക്ഷണങ്ങൾക്ക് മുതിരുന്നത്. കാത്സ്യം ഓക്‌സി ക്ലോറൈഡ് ഉൾപ്പെട്ടതും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ഉൾപ്പെട്ടതും തുടങ്ങിയവ. ഇവയൊക്കെ ഉപ്പുമായി ചേർന്നാൽ പൊള്ളൽ, ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണ്.


പ്രശ്‌നങ്ങളില്ലാത്ത മാർഗങ്ങൾ

ഉപ്പ് വിതറുക

പുകയില കഷായം തളിക്കുക

സ്‌നെയിൽ കില്ലർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഗോതമ്പോ, അരിപ്പൊടിയോ ചേർത്ത് ഇലകളിൽ തളിച്ചോ പുരട്ടിയ ഒച്ചിനെ ആകർഷിക്കാം. ഇത്തരം ഇലകളിലെത്തുന്ന ഒച്ചുകൾ ചാകുമെന്നുറപ്പാണ്.

Advertisement
Advertisement