തീരം കാക്കാൻ വമ്പൻ പദ്ധതി

Wednesday 08 September 2021 12:09 AM IST

 250 കോടിയുടെ പദ്ധതി സമർപ്പിച്ച് കെ.ഐ.ഐ.ഡി.സി

കൊല്ലം: ജില്ലയിലെ തീരമേഖലയെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) 250 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു. തീരമേഖലയിൽ പരമാവധി പുലിമുട്ടുകൾ നിർമ്മിച്ച് സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യം.

വലിയ അഴീക്കൽ മുതൽ കാപ്പിൽ വരെ 37.8 കിലോ മീറ്രറാണ് ജില്ലയിലെ തീരമേഖലയുടെ ദൂരം. ഇതിൽ ഹാർബറുകളും പോർട്ടുകളും ഒഴികെ മിക്കയിടത്തും കടൽ ഭിത്തിയുണ്ട്. എന്നാൽ അഴീക്കൽ, ആലപ്പാട് സെന്റർ, പറയകടവ്, വെള്ളനാതുരുത്ത്, താന്നി, ഇരവിപുരം എന്നിവിടങ്ങളിലടക്കം ആകെ 13 കിലോ മീറ്റർ ദൂരത്തിൽ താഴെ മാത്രമാണ് പുലിമുട്ടുകൾ തുടർച്ചയായി ഉള്ളത്.

നിലവിലുള്ള കടൽഭിത്തി കൊണ്ട് കാര്യമായ പ്രയോജനമില്ലാത്ത അവസ്ഥയാണ്. കടൽക്ഷോഭമുണ്ടാകുമ്പോൾ കടൽ ഭിത്തിക്ക് മുകളിലൂടെ തിര അടിച്ചുകയറി തീരത്തെ വീടുകൾ തകർക്കുകയാണ്. തുടർച്ചയായ കടലാക്രമണത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കടൽഭിത്തി തകർന്ന് കിടക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ സ്ഥലങ്ങളിലും പാറകളോ ടെട്രാപോഡുകളോ നിരത്തി പുലിമുട്ടുകൾ നിർമ്മിക്കാനാണ് ആലോചന.

മേജർ ഇറിഗേഷൻ വകുപ്പും പുലിമുട്ട് നിർമ്മാണത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഭരണാനുമതി നൽകിയാലും വിദഗ്ദ്ധ ഏജൻസിയുടെ പഠനത്തിന് ശേഷമേ നിർമ്മാണം ആരംഭിക്കൂ. നിലവിൽ താന്നി മുതൽ കൊല്ലം ബീച്ച് വരെയുള്ള പ്രദേശത്ത് പുലിമുട്ട് നിർമ്മാണം പുരോഗമിക്കുകയാണ്.

 ജില്ലയുടെ തീരമേഖല: 37.8 കിലോ മീറ്റർ

 തുടർച്ചയായി പുലിമുട്ടുകളുള്ളത്: 13 കിലോ മീറ്റർ