മക്കൾക്കൊപ്പം: പങ്കെടുത്തത് 66,168 രക്ഷിതാക്കൾ

Wednesday 08 September 2021 12:45 AM IST

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംഘടിപ്പിച്ച മക്കൾക്കൊപ്പം പരിപാടി ജില്ലയിൽ പൂർത്തീകരിച്ചു. ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യവും കരുതലും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള രക്ഷകർത്തൃവിദ്യാഭ്യാസ പരിപാടി സംസ്ഥാനത്ത് ആദ്യം പൂർത്തീകരിച്ചത് ജില്ലയിലാണ്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിച്ചത്. ആഗസ്റ്റ് ആറു മുതൽ സെപ്തംബർ നാലു വരെ 987 ബാച്ചുകളിലായി 66168 രക്ഷിതാക്കൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു. ആകെയുള്ള 688 വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ 74 ശതമാനം പേർ ക്ലാസുകളിൽ ഹാജരായി.

ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാൻമാരാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മക്കൾക്കൊപ്പം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോ. പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് അസോ. പ്രസിഡന്റ് പി.എസ്. മോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്. ബീനാ റാണി, എസ്.എസ്‌.കെ കോഓർഡിനേറ്റർ കെ.ജി. പ്രകാശ് കുമാർ, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ കെ. സുധ, ജനറൽ കൺവീനർ ഡോ.ആർ.വിജയമോഹൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി സി.സത്യദാസ്, അദ്ധ്യാപകരായ ബിനു കെ.സാം, ജി.ശ്രീലക്ഷ്മി, രക്ഷിതാവ് പ്രശാന്ത്, കെ.ജി.റെജീന എന്നിവർ സംസാരിച്ചു.