നെല്ലിയാമ്പതിയിൽ അപകടം പതിവ്

Wednesday 08 September 2021 12:44 AM IST
നെല്ലിയാമ്പതിയിലെ വെള്ളച്ചാട്ടം.

നെല്ലിയാമ്പതി: വിനോദ സഞ്ചാരികൾക്ക് സുരക്ഷാ സംവിധാനം ഒരുക്കാതെ നെല്ലിയാമ്പതിയിലെ ടൂറിസം പോയിന്റുകൾ. വനംവകുപ്പ് അധീനതയിലുള്ള സ്ഥലങ്ങളിൽ പോലും സുരക്ഷാ സംവിധാനം പരിമിതമാണ്. വിനോദസഞ്ചാരികൾ സ്വന്തം സുരക്ഷ മറക്കുന്നതാണ് പലപ്പോഴും അത്യാഹിതങ്ങൾക്ക് കാരണമാകുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം സൂചിപ്പിക്കുന്നത്. കമ്പിപ്പാലം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് ദൃശ്യങ്ങൾ പകർത്തിയ എറണാകുളം സ്വദേശി പാറക്കെട്ടിൽനിന്ന് വഴുതി ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്.

മൂന്നുവർഷത്തിനിടക്ക് അഞ്ചുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ടൂറിസം പോയിന്റുകളിൽ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ സന്ദർശകർ അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. മേഖലയിൽ കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു. വെള്ളച്ചാട്ടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ സുരക്ഷാ ഗാർഡുകളെ നിരീക്ഷണത്തിനായി നിയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.