താമരയും ആമ്പലും ജീനയുടെ വീടിന്റെ എെശ്വര്യം

Wednesday 08 September 2021 12:54 AM IST

കോന്നി : വീടിന്റെ ടെറസിൽ താമരയും ആമ്പലും കൃഷി ചെയ്തു വരുമാനം കണ്ടെത്തുകയാണ് കലഞ്ഞൂർ സ്വദേശിയായ വീട്ടമ്മ. കലഞ്ഞൂർ കൊട്ടന്തറ കൊപ്പാറ പുത്തൻവീട്ടിൽ ജീന സൈമനാണ് വാട്ടർ പ്ലാന്റസ് കൃഷിയിലൂടെ മാസം പതിനായിരം രൂപയോളം സമ്പാദിക്കുന്നത്. പ്ലാസ്റ്റിക് ടബുകളിലാണ് കൃഷി. താമരയുടെ 32 ഹൈബ്രീഡ് ഇനങ്ങളും ആമ്പലിന്റെ 22 ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ആദ്യം കൃഷി ചെയ്തു തുടങ്ങിയത് പത്തുമണി പൂക്കളായിരുന്നു. 150ൽ പരം നിറങ്ങളിലുള്ള പത്തുമണിച്ചെടികൾ ജീനയുടെ കൈവശമുണ്ടായിരുന്നു.

പിന്നീട് ചെറുപ്പം മുതൽക്കുള്ള ഇഷ്ടംമൂലം താമരയിൽ ശ്രദ്ധിച്ചു. താമരയുടെയും ആമ്പലിന്റെയും നടീൽ വസ്തുക്കൾ വിൽപ്പന നടത്തിയാണ് വരുമാനം നേടുന്നത്. താമരയുടെ കിഴങ്ങുകളും ആമ്പലിന്റെ കിഴങ്ങും തൈകളും വിൽപ്പന നടത്തുന്നുണ്ട്.

ഇവ ഓൺലൈനിലൂടെയും നേരിട്ടും ലഭ്യമാണ്. താമരയിനങ്ങളുടെ ഒരു വിത്തിന് 350 രൂപ മുതൽ 4500 രൂപ വരെയാണ് വില. ആമ്പൽ ഇനങ്ങളുടെ നടീൽ വസ്തുക്കൾക്ക് 150 രൂപ മുതൽ 9000 രൂപ വരെയും വില വരും. നല്ലതുപോലെ പുഷ്പ്പിക്കുന്ന ട്രോപ്പിക്കൽ, ഒരു ചെടിയിൽ അഞ്ചു പൂക്കൾ വരെ വരുന്ന സെമി ട്രോപ്പിക്കൽ, നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ പുഷ്പ്പിക്കാൻ ബുദ്ധിമുട്ടുള്ള ഹാൻഡി തുടങ്ങിയ താമര ഇനങ്ങളും ജീനയുടെ കൃഷിയിടത്തിലുണ്ട്. വാട്ടർ പ്ലാന്റ്സ് കൃഷിയുള്ള കർഷകരുടെ വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളിലും ജീന അംഗമാണ്, ഇതിലൂടെയും വിൽപ്പന നടക്കുന്നു. ഗുജറാത്തിൽ അക്കൗണ്ടായിരുന്ന ഇവർ ഏഴു വർഷം മുൻപാണ് നാട്ടിൽ തിരികെയെത്തിയത്. കൂടൽ സ്വദേശിയായ ജീനയും കുടുംബവും കലഞ്ഞൂർ കൊട്ടന്തറയിൽ ഒന്നര വർഷം മുൻപാണ് വീടുവച്ചു താമസമായത്. കൂടലിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഭർത്താവ് ബിനീഷ് കോശിയും യു.കെ.ജി വിദ്യർത്ഥിയായ മകൾ നിയയും ജീനയെ സഹായിക്കുന്നു.