റബർ വില കൂപ്പുകുത്തുന്നു: മലയോര കർഷകർ ആശങ്കയിൽ

Wednesday 08 September 2021 12:00 AM IST

വടക്കഞ്ചേരി: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മലയോരകർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് റബർ കൃഷി. വിപണിയിൽ റബറിന് വിലയിടിവ് തുടരുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ഇതോടെ ജില്ലയിലെ പാലക്കുഴി, മംഗലംഡാം, വാൽകുളമ്പ്, കണക്കൻതുരുത്തി, കണ്ണമ്പ്ര മേഖലയിലുള്ള മലയോര കർഷകർ പ്രതിസന്ധിയിലാണ്.

കൊച്ചി മാർക്കറ്റിനെ അടിസ്ഥാനമാക്കിയാണ് ജില്ലയിലെ റബറിന്റെ വില കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിൽ റബറിനു തുടർച്ചയായി വിലയിടിയുന്നത് ആഭ്യന്തര വിപണിയിലെ പ്രതീക്ഷകൾക്കും മങ്ങലേൽപിക്കുന്നുണ്ട്. എട്ടുവർഷത്തിനു ശേഷം ആദ്യമായി ആർ.എസ്.എസ് നാലാം ഗ്രേഡിന്റെ വില കിലോഗ്രാമിനു 180 രൂപ എത്തിയിരുന്നു. പക്ഷേ, മൂന്നു ദിവസത്തിന് ശേഷം മാർക്കറ്റിൽ റബറിന് വിലതകർച്ചയും നേരിട്ടും. കഴിഞ്ഞ ആഴ്ചയിലെ ആദ്യദിവസം കൊച്ചിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് വില ക്വിന്റലിന് 18,050 രൂപയിലേക്കും ആർ.എസ്.എസ് അഞ്ചാം ഗ്രേഡ് വില ക്വിന്റലിന് 17,850 രൂപയിലേക്കും ഉയരുകയുണ്ടായി. പക്ഷേ, വാരാന്ത്യത്തിൽ നാലാം ഗ്രേഡിന്റെ വില 17,900 രൂപയും അഞ്ചാം ഗ്രേഡ് വില 17,750 രൂപയുമായി കുറയുകയാണുണ്ടായത്.

 റബർ തൈകൾക്ക് ക്ഷാമം

കേരളത്തിലെ നേഴ്സറികളിൽ റബ്ബർ തൈകൾക്കു ദൗർലഭ്യം നേരിടുന്നതായി റിപ്പോർട്ട്. ത്രിപുര, മണിപ്പൂർ, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ തൈകൾ കയറ്റിപ്പോകുന്നതാണു ഇതിന് കാരണം. ഇത് വില വർദ്ധനയ്ക്കും ഇടയാക്കിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 60 രൂപയ്ക്കു ലഭ്യമായിരുന്ന ബഡ് തൈകൾക്ക് നിലവിൽ 100 രൂപയാണ് വില. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പ്രമുഖ നേഴ്സറികളിലെല്ലാം തൈകൾക്കു ക്ഷാമം നേരിടുന്നുണ്ട്.