പൊതുഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

Wednesday 08 September 2021 12:08 AM IST
കാഞ്ഞിരപ്പുഴയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പൊതുഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞിരപ്പുഴ: ജില്ലയിൽ ആദ്യമായി പൊതുഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി. കാഞ്ഞിരപ്പുഴ ഡാം ഇറിഗേഷൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇമോബിലിറ്റി സെൽ ഹെഡ് ജെ.മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, ഒ.നാരയാണൻകുട്ടി, പി.പി.പ്രഭ, കെ.വി.പ്രിയേഷ് എന്നിവർ പങ്കെടുത്തു.

ഒരേസമയം മൂന്നു വാഹനം ചാർജ് ചെയ്യുന്നതിന് സംവിധാനമുള്ള 142 കിലോവാട്ട് ശേഷിയുള്ള ചാർജിംഗ് സ്റ്റേഷനാണ് കാഞ്ഞിരപ്പുഴയിൽ സ്ഥാപിച്ചത്. 60 കിലോവാട്ട് ശേഷിയുള്ള സി.സി.എസ് ഗൺ, 22 കിലോവാട്ട് ടൈപ്പ് 2 എ.സി എന്നിവ ചേർന്ന മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി സ്വന്തമായി ചാർജ് ചെയ്ത് ഓൺലൈൻ പേയ്‌മെന്റ് നടത്തി ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.