അടുക്കളയിൽ സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ

Wednesday 08 September 2021 12:07 AM IST

അടിമാലി: പണിക്കൻകുടിയിൽ തങ്കമണി വലിയപറമ്പിൽ സിന്ധുവിനെ (45) അയൽവാസിയായ മാണിക്കുന്നേൽ ബിനോയ് സേവ്യർ (48) അടുക്കളയിൽ കുഴിച്ചു മൂടിയത് ജീവനോടെ. സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും ശ്രമിച്ചതായി പ്രതി തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നൽകി. കൊലപാതകം നടന്ന കഴിഞ്ഞമാസം 11ന് വൈകിട്ട് ബിനോയ് വീട്ടിലെത്തുമ്പോൾ സിന്ധു ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആരുമായാണ് സംസാരിച്ചതെന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ബിനോയ് സിന്ധുവിനെ മർദ്ദിച്ച് അവശയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതിനിടെ ബോധരഹിതയായ സിന്ധു മരിച്ചെന്ന് കരുതി ബിനോയ് വീടിന് സമീപത്തായി പടുതാകുളമുണ്ടായിരുന്ന സ്ഥലത്ത് കുഴിയെടുത്തു. എന്നാൽ ഇവിടെ നേരത്തേ ചത്ത ആടിനെ അടക്കിയതിന്റെ അവശിഷ്ടങ്ങൾ കണ്ടതും ,പുരയിടത്തിൽ സംസ്‌കരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാലും ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് സിന്ധുവിനെ ചുമന്ന് മുറ്റത്തെത്തിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഈ സമയം പൊള്ളലേറ്റ സിന്ധു ഉറക്കെ കരഞ്ഞു. ഉടനെ സമീപത്തിരുന്ന ജാറിലെ വെള്ളമൊഴിച്ച് ബിനോയ് തീ കെടുത്തി. വീണ്ടും സിന്ധുവിന്റെ ബോധം പോയി. അൽപ്പനേരം കൈയും കാലും അനക്കി ജീവനുണ്ടോയെന്ന് നോക്കി. മരിച്ചെന്ന് കരുതി രാത്രി 12 മണിയോടെ അടുക്കളയിൽ കുഴിയെടുത്ത് സിന്ധുവിനെ കിടത്തി. കുഴിക്ക് നീളം കുറവായതിനാൽ ശരീരം ഒതുങ്ങാതെ വന്നു. തുടർന്ന്, ബിനോയ് രണ്ട് കാലുകളും ബലം പ്രയോഗിച്ച് മടക്കി കുഴിയിലേക്കിറക്കി. ഈ സമയം വേദനയെടുത്ത സിന്ധു വീണ്ടും ഞരങ്ങി. ഇതോടെ, സമീപത്ത് മുളക് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറെടുത്ത് ബിനോയ് സിന്ധുവിനെ മുഖത്തിട്ട ശേഷം നെഞ്ചത്ത് ചവിട്ടിത്താഴ്ത്തി. ഈ ചവിട്ടിലാണ് സിന്ധുവിന്റെ വാരിയെല്ലൊടിഞ്ഞത്. തുടർന്ന് മണ്ണിട്ട് മൂടുകയായിരുന്നു.

കൊലപാതക സമയം സിന്ധു ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെടുക്കാനായില്ല. അവ ചാക്കിൽക്കെട്ടി പൊൻമുടി ഡാമിൽ എറിഞ്ഞെന്നാണ് ബിനോയ് പൊലീസിനോട് പറഞ്ഞത്. മൃദേഹം കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണ വിളക്ക്,കുഴിയെടുക്കാൻ ഉപയോഗിച്ച കമ്പിപ്പാര, മൺവെട്ടി എന്നിവയും കണ്ടെടുത്തു. സാക്ഷികളില്ലാത്ത കൊലപാതകമായതിനാൽ ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളരെ സൂഷ്മയോടെയുള്ള തെളിവെടുപ്പാണ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് മൂന്നു മണി വരെ നീണ്ടു. തെളിവെടുപ്പിനോട് സഹകരിക്കുന്നതിലും മൊഴി നൽകുന്നതിലും യാതൊരു വൈമുഖ്യവും ബിനോയ്ക്ക് ഇല്ലായിരുന്നു. തെളിവെടുപ്പിനു ശേഷം വീഡിയോ കോൺഫ്രൻസ് വഴി പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇന്ന് തുടരന്വേഷത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് വെള്ളത്തൂവൽ പൊലീസ് പറഞ്ഞു. ബിനോയിയുമായി അടുപ്പമുണ്ടായിരുന്ന സിന്ധുവിന്റെ മൃദേഹം കഴിഞ്ഞ മൂന്നിനാണ് ഇയാളുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ തിങ്കളാഴ്ചയാണ് പെരിഞ്ചാക്കുട്ടി വനമേഖലയിൽ നിന്ന് പൊലീസ് പിടികൂടിയത്.

Advertisement
Advertisement