നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച നഴ്സിന് പനി

Wednesday 08 September 2021 12:45 AM IST

ആലക്കോട് (കണ്ണൂർ): നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിയെ പനിയെ തുടർന്ന് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നിപ സ്ഥിരീകരിച്ചതോടെ ഇവർ വീട്ടിൽ ക്വാറന്റൈനിലായിരുന്നു.

ജോലികഴിഞ്ഞ് ശനിയാഴ്ചയാണ് ഇവർ ബസിൽ ഉദയഗിരിയിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിലാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവരുടെ വീട്ടിലുള്ള മാതാപിതാക്കളടക്കമുള്ളവർ ക്വാറന്റൈനിലാണ്. ബസിൽ ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്താനും ശ്രമം തുടങ്ങി. അതേസമയം കുട്ടിയുമായി സമ്പർക്കം പുലർത്തിയെങ്കിലും ആവശ്യമായ മുൻകരുതലെടുത്തതിനാൽ രോഗസാദ്ധ്യത കുറവാണെന്ന് സ്വകാര്യ ആശുപതി അധികൃതർ അറിയിച്ചു.