കൊവിഡിനിടെ നിപയും , ആളൊഴിഞ്ഞ് ഗവ.മെഡിക്കൽ കോളേജ്

Wednesday 08 September 2021 12:14 AM IST

കോഴിക്കോട്: വിട്ടൊഴിയാതുള്ള കൊവിഡ് വ്യാപനത്തിനിടയിൽ നിപ കൂടി സ്ഥിരീകരിച്ചതോടെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്കൊഴിഞ്ഞ് ഒ.പി കളും വാർഡുകളും. സാധാരണ പ്രവൃത്തിദിവസങ്ങളിൽ നാലായിരത്തോളം രോഗികളെത്താറുണ്ടെങ്കിൽ, ഇന്നലെ അഞ്ഞൂറിൽ താഴെ രോഗികൾ മാത്രമാണ് വിവിധ ഒ പി കളിലായി ചികിത്സ തേടി വന്നത്.

ഒഴിവാക്കാനാവില്ലെന്നു തോന്നുന്ന രോഗികളെ മാത്രമേ വാർഡുകളിൽ പ്രവേശിപ്പിക്കുന്നുള്ളു. അതേസമയം, മുൻകൂട്ടി തീരുമാനിച്ച സർജറികൾ മാറ്റി വെച്ചിട്ടില്ല.

രാപ്പകൽ ഭേദമന്യേ തിരക്കിൽ പെടാറുള്ള അത്യാഹിത വിഭാഗത്തിൽ ആളനക്കം തീരെ കുറഞ്ഞു. സുരക്ഷയുടെ ഭാഗമായി രോഗികളെ കാണാൻ പൊതുവേ സന്ദർശകരുമില്ല.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാത്രമാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നത്. നിലവിലെ ഒ.പി സമയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാവിലെ 8 മുതൽ പത്തര വരെയാണ് സമയം. അനാവശ്യമായി ആളുകൾ ആശുപത്രിയിൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം. ആശുപത്രിയിൽ വെറുതെ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്.

 സുരക്ഷ ശക്തം

നിപ വെെറസ് ബാധ സ്ഥീരീകരിച്ചതിനു പിറകെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസെെറ്റിയുടെ പേ വാർഡ് കോംപ്ളക്സാണ് നിപ ഐസൊലേഷൻ ബ്ലോക്കായി മാറ്രിയത്. 2018ൽ നിപ ബാധിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഐസലേഷൻ ബ്ലോക്ക്.

മരിക്കാനിടയായ കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ അതീവജാഗ്രതയോടെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നത്. ഈ വാർഡിന്റെ മുന്നിലും കർശന നീരീക്ഷണമുണ്ട്. പരിസരമുൾപ്പെടെ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുമുണ്ട്.

കൊവിഡ് ബാധിതരെ പി.എം.എസ്.ഐ ബ്ലോക്കിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

'' നിലവിൽ മെഡിക്കൽ കോളേജിൽ എത്തുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാണ്. നിപ മൂലം മറ്റു ചികിത്സകളൊന്നും നിറുത്തി വെച്ചിട്ടില്ല.

ഡോ.ശ്രീജയൻ,

മെഡിക്കൽ കോളേജ് സൂപ്രണ്ട്

Advertisement
Advertisement