നിപ ഫലങ്ങൾ നെഗറ്റീവ് ; ആശ്വാസം

Wednesday 08 September 2021 12:00 AM IST

ഇന്നലെ നെഗറ്റീവ് ആയവർ 10, ഫലം വരാനുള്ളവർ 7

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചതിനു പിറകെ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരിൽ പത്തു പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് അറിഞ്ഞതോടെ കേരളം ആശ്വാസത്തിൽ. 10 പേരുടെ പരിശോധനാഫലമാണ് ഇതിനകം ലഭിച്ചത്. ഇനി ഏഴു പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിശോധന പൂർത്തിയായവരിൽ പന്ത്രണ്ടുകാരന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടും. ഇവരുടെ സ്രവത്തിന്റേതടക്കം മൂന്നു സാമ്പിളിന്റെയും ഫലം നെഗറ്റീവാണ്.

പത്ത് പേരിൽ എട്ടു പേരുടെയും ഫലം വന്നത് പൂനെയിലെ എൻ.ഐ.വി ലാബിൽ നിന്നാണ്. കോഴിക്കോട്ട് താത്കാലിമായി ഒരുക്കിയ ലാബിൽ നിന്നുള്ളതാണ് മറ്റു രണ്ടു സാമ്പിൾ ഫലങ്ങൾ. ഇവിടെ പരിശോധനാഫലം പോസിറ്റീവെങ്കിൽ വീണ്ടും പൂനെയിലേക്ക് അയച്ച ശേഷമേ ഉറപ്പുവരുത്തൂ.

സമ്പർക്കപ്പട്ടികയിൽ പ്രാഥമിക ലിസ്റ്റുകാരുടെ എണ്ണം 122 ആയി ഉയർന്നു. ഇതിൽ 44 പേരും ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളുള്ള 17 പേർ ആശുപത്രിയിലുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിൽ 51 പേരാണുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

മറ്റ് ജില്ലകളിലെ 35 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറം,കണ്ണൂർ, വയനാട്, പാലക്കാട്, എറണാകളം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലക്കാർ ഇതിലുൾപ്പെടും. കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്- 18 പേർ.

പകർച്ചവ്യാധികളെക്കുറിച്ചുള്ള ഇ - ഹെൽത്ത് സോഫ്‌റ്റ്‌വെയർ തയ്യാറായിട്ടുണ്ട്. മൂന്ന് ദിവസമായി ജില്ലയിലുള്ള കേന്ദ്രസംഘം ഇന്നലെ മൂന്നിടങ്ങൾ കൂടി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നു

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. പരിസരങ്ങളിലെ വവ്വാലുകളെ പരിശോധിക്കാൻ പ്രത്യേക ദൗത്യസംഘം ഭോപ്പാലിൽ നിന്ന് രണ്ടു ദിവസത്തിനകം ഇവിടെയെത്തും. ഇന്നെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും സംഘത്തിലെ ഒരാളുടെ അസൗകര്യം കാരണമാണ് യാത്ര വൈകുന്നത്.
പാഴൂർ, മുന്നൂർ ഭാഗങ്ങളിലെ കാട്ടുപന്നികളെയും പരിശോധനാ വിധേയമാക്കുന്നുണ്ട്. ഇതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു.

Advertisement
Advertisement