പറവൂർ, അങ്കമാലി ബ്ലോക്കുകളിൽ ഇനി 'സാറും മാഡവും' ഇല്ല
പറവൂർ/അങ്കമാലി: പറവൂർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ എത്തുന്നവർ ഇനി ആരെയും 'സാർ' എന്നോ 'മാഡം' എന്നോ വിളിക്കേണ്ടതില്ല. പകരം ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും പേരുകളും ഔദ്യോഗിക സ്ഥാനവും എഴുതി വച്ചിരിക്കുന്നത് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാം. പാലക്കാട് മാത്തൂർ ഗ്രാമ പഞ്ചായത്താണ് ഇതിന് കഴിഞ്ഞയാഴ്ച മാതൃക കാട്ടിയത്.
സേവനങ്ങൾക്കുള്ള കത്തിടപാടിലും അപേക്ഷയിലും ഇനി മുതൽ 'അപേക്ഷിക്കുന്നു', 'അഭ്യർത്ഥിക്കുന്നു' എന്നിവയ്ക്കു പകരമായി 'അവകാശപ്പെടുന്നു', 'താത്പര്യപ്പെടുന്നു' എന്നീ വാക്കുകൾ ഉപയോഗിക്കാമെന്ന് പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് പറഞ്ഞു. ഇത്തരം അപരിഷ്‌കൃത വാക്കുകൾ ഉപയോഗിക്കാത്തതിന്റെ പേരിൽ അവകാശങ്ങളോ, സേവനങ്ങളോ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാമെന്നും പ്രസിഡന്റ് അറിയിച്ചു.
അങ്കമാലി ബ്ലോക്കിൽ 'സാർ, മാഡം വിളി' നിറുത്തലാക്കുന്നതു സംബന്ധിച്ച് പാറപ്പുറം ഡിവിഷൻ അംഗം കെ.വി. അഭിജിത്ത് അവതരിപ്പിച്ച പ്രമേയം ബ്ലോക്ക് കമ്മിറ്റി പാസാക്കുകയായിരുന്നു.