മമ്മൂട്ടിയെന്ന രക്ഷകനെ കാണാൻ കൊതിച്ച് അപ്പുണ്ണി

Wednesday 08 September 2021 12:43 AM IST

പൊന്നാനി: മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷം വാർത്തകളിൽ നിറയുമ്പോൾ ഇങ്ങകലെ പൊന്നാനിയിൽ ഒരാൾ ഒന്നര പതിറ്റാണ്ടായി കാത്തിരിപ്പിലാണ്. കൈവിട്ടു പോയ തന്റെ ജീവിതം തിരികെ നൽകിയ മഹാനടനെ ഒരുവട്ടമെങ്കിലും നേർക്കുനേർ കണ്ട് നന്ദി പറയണമെന്നതാണ് പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശഞ്ചേരി അപ്പുണ്ണിയുടെ ആഗ്രഹം.

കയർ തൊഴിലാളിയായ അപ്പുണ്ണിയുടെ ജീവിതത്തിലേക്ക് ഇരുട്ട് പരത്തി ഹൃദ്രോഗവും തിമിരവുമെത്തുന്നത് 2008ലാണ്. തിമിര ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ ഉഴറുന്ന സമയത്താണ് മമ്മൂട്ടി ഫാൻസ് അങ്കമാലിയിലെ കണ്ണാശുപത്രിയുമായി ചേർന്ന് പൊന്നാനിയിൽ സംഘടിപ്പിച്ച കണ്ണ് പരിശോധന ക്യാമ്പിൽ വച്ച് അപ്പുണ്ണിയെ സൗജന്യ ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നത്. ശസ്ത്രക്രിയയിലൂടെ അപ്പുണ്ണിയുടെ കാഴ്ച്ച ശരിയായി.

ഇതിനിടെയാണ് വില്ലനായി ഹൃദ്രോഗത്തിന്റെ എൻട്രി. ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാവൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. അപ്പോഴും താങ്ങായത് മമ്മുട്ടി ഫാൻസാണ്. മൂന്നരലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. മമ്മൂട്ടി ഫാൻസും നെയ്യാറ്റിൻകര നിംസും സംയുക്തമായാണ് സൗജന്യ ശസ്ത്രക്രിയ ചെയ്തു നൽകിയത്.

അന്നുമുതലുള്ള ആഗ്രഹമാണ് മമ്മൂട്ടിയെ നേരിൽ കാണണമെന്നത്. ശസ്ത്രക്രിയകൾക്ക് സൗകര്യമൊരുക്കിയ മമ്മൂട്ടി ഫാൻസ് സംസ്ഥാന ഭാരവാഹി എം. അബ്ദുൾ ലത്തീഫ് വഴി ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല. അകലെ നിന്നാണെങ്കിലും ഒരുവട്ടം കാണണം. കൈകൂപ്പി നന്ദി പറയണം- അപ്പുണ്ണി പറയുന്നു.

മമ്മൂട്ടിയോടുള്ള ഇഷ്ടം സ്‌ഫോടനം സിനിമ കണ്ടതു മുതൽ തുടങ്ങിയതാണെന്ന് അപ്പുണ്ണി ഓർക്കുന്നു. കയർ തൊഴിലാളിയുടെ ജീവിതം പറയുന്ന സിനിമയാണത്.കൊവിഡ് സാഹചര്യങ്ങൾ തടസ്സമാണെങ്കിലും അപ്പുണ്ണിയുടെ ആഗ്രഹം സഫലമാക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് എം അബ്ദുൾ ലത്തീഫ് പറഞ്ഞു.