തെന്നല പോക്‌സോ കേസ്; സംരക്ഷണ കേന്ദ്രത്തിൽ കൊവിഡ്, തുടരന്വേഷണം പ്രതിസന്ധിയിൽ

Wednesday 08 September 2021 12:00 AM IST

മലപ്പുറം: തെന്നല പോക്‌സോ കേസിൽ ഇരയായ 17കാരിയെ താമസിപ്പിച്ച സംരക്ഷണ കേന്ദ്രത്തിലെ അഞ്ച് കുട്ടികൾക്ക് കൊവിഡ് പോസിറ്റീവായതോടെ പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി മൊഴിയെടുക്കലും പൊലീസിന്റെ തുടരന്വേഷണവും പ്രതിസന്ധിയിൽ. ഒരാഴ്ചയെങ്കിലും കഴിയാതെ മൊഴിയെടുക്കാനാവില്ല. ആദ്യം രണ്ട് കുട്ടികൾക്കും പിന്നീട് മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 25ഓളം കുട്ടികൾ ഇവിടെയുണ്ട്. തെന്നല കേസിലെ ഇരയായ പെൺകുട്ടിക്ക് കൊവിഡില്ല. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം തെന്നല സ്വദേശിയായ 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 35 ദിവസത്തോളം ജയിലിൽ കഴിഞ്ഞ യുവാവിന്റെ ഡി.എൻ.എ ഫലം നെഗറ്റീവായതോടെ മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചു. പൊലീസ് മനപ്പൂർവ്വം കുടുക്കിയെന്ന ആരോപണവുമായി 18കാരനും കുടുംബവും രംഗത്തെത്തിയിരുന്നു. ഡി.എൻ.എ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ പേ‌ർക്ക് പങ്കുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പെൺകുട്ടി പൊലീസിനും മജിസ്ട്രേറ്റിനും ഡോക്ടർക്കും നൽകിയ മൊഴിയിൽ 18കാരൻ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. മറ്റാ‌ർക്കെതിരെയും മൊഴിയില്ലെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. കേസിൽ ഇനി പഴി കേൾക്കാൻ അവസരമുണ്ടാവരുതെന്ന കർശന നിർദ്ദേശം അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിട്ടുള്ളത്.

നീക്കം ശ്രദ്ധയോടെ

മൂന്ന് മൊഴിയും ഒരുപോലെയായതിനാൽ വിശദമായ കൗൺസലിംഗിലൂടെ മാത്രമേ പുതിയ വിവരങ്ങൾ ലഭ്യമാവൂ എന്ന നിഗമനത്തിലാണ് പൊലീസ്. സി.ഡബ്ള്യു.സിയുടെ സഹായത്തോടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന വിദഗ്ദ്ധസംഘത്തിന് രൂപമേകിയിട്ടുണ്ട്. മാനസിക സമ്മർദ്ദം നേരിടുന്ന കുട്ടിയായതിനാൽ മൊഴി ആവർത്തിച്ചേക്കാം. ഇതിൽ നിന്ന് വ്യതിചലിപ്പിച്ച് യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. കുട്ടിയെ അടുപ്പിച്ചടുപ്പിച്ച് ചോദ്യം ചെയ്യുന്നെന്നതിനാൽ കുറ്റമറ്റ രീതിയിലാവണം മൊഴിയെടുക്കൽ. സംശയനിഴലിലുള്ള എല്ലാവരെയും ഡി.എൻ.എ ടെസ്റ്റ് നടത്തുക പ്രായോഗികമല്ലെന്നും ഇതുവിമ‌ർശനങ്ങൾക്ക് വഴിവച്ചേക്കാമെന്ന സമ്മർദ്ദവും അന്വേഷണ സംഘം നേരിടുന്നുണ്ട്. 18കാരന്റെ ഡി.എൻ.എ ഫലം മുഖവിലയ്ക്കെടുത്താണ് അന്വേഷണ സംഘം മുന്നോട്ടുപോവുന്നത്. കൂടുതൽ പേ‌ർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും ഇങ്ങനെയെങ്കിൽ സംഭവം വഴിതിരിച്ചുവിടാൻ നടത്തിയ ശ്രമങ്ങളും അന്വേഷിക്കും.

Advertisement
Advertisement