കള്ളനോട്ട് പ്രതിയിൽ നിന്ന് കൈക്കൂലി: ‌ സി.ഐക്കും എസ്.ഐക്കും സസ്പെൻഷൻ  പൊലീസുകാരനെതിരെയും നടപടി

Wednesday 08 September 2021 1:44 AM IST

തിരുവനന്തപുരം: കള്ളനോട്ട് കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ മുൻ സി.ഐ എസ്.എം.റിയാസ്, മുൻ എസ്.ഐ ചാർലി തോമസ്, സിവിൽ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെ സസ്പെൻഡ് ചെയ്തു. നിലവിൽ തിരുവനന്തപുരം സി​റ്റി സൈബർ പൊലീസ് സ്​റ്റേഷനിൽ ഇൻസ്‌പെക്ടറാണ് റിയാസ്. ഇപ്പോൾ ഇടുക്കി തങ്കമണി സ്​റ്റേഷനിലെ എസ്.ഐയാണ് ചാർലി തോമസ്. മൂന്നുപേർക്കെതിരെയും ഇടുക്കി ഡി.സി.ബി ഡിവൈ.എസ്.പിയുടെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു.

വീട്ടിൽ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത കേസ് ഒതുക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തായതിനെത്തുടർന്നാണ് നടപടി. കേസിലെ പ്രതി കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി ഹനീഫ് ഷിറോസാണ് ഇവ പുറത്തുവിട്ടത്. ഇടുക്കി മാട്ടുത്താവളത്ത് റിസോർട്ട് നടത്തിയിരുന്ന ഹനീഫിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 12,58,000 രൂപയുടെ കള്ളനോട്ടും പ്രിന്ററും കണ്ടെടുത്തിരുന്നു.

കേസ് നടത്തിപ്പിനിടെയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡിയും, വാട്സാപ് മെസേജുകളും സഹിതം ഡി.ജി.പിക്ക് ഹനീഫ് പരാതി നൽകുകയായിരുന്നു. കസ്​റ്റഡിയിൽ വാങ്ങിയ സമയത്ത് താൻ ധരിച്ചിരുന്ന 1.25 ലക്ഷം രൂപ വിലയുള്ള വാച്ചും, മൊബൈൽ ഫോണുകളും കൈക്കലാക്കിയെന്നും എ.എസ്‌.ഐ 10,000 രൂപ വാങ്ങിയ ശേഷമാണ് മൊബൈലുകൾ തിരികെ നൽകിയതെന്നും സി.ഐയടക്കം നാല് പൊലീസുകാർ പലവട്ടം കൈക്കൂലി വാങ്ങിയെന്നും പരാതിയിലുണ്ട്.

സി.ഐ റിയാസിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയാണ് പണം കൈമാറിയത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സി.ഐ ആവശ്യപ്പെടുന്നതും എറണാകുളത്തെ അക്കൗണ്ട് നമ്പർ നൽകാമെന്നു പറയുന്നതും ശബ്ദരേഖയിലുണ്ട്. കുടുംബസ്വത്തായ സ്‌കൂളിന്റെ അവകാശത്തർക്കത്തിന്റെ പേരിൽ എതിരാളികൾ തന്നെ കള്ളനോട്ട് കേസിൽ കുടുക്കിയതാണെന്നാണ് ഹനീഫിന്റെ അവകാശവാദം. ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയുടെയും സ്പെഷ്യൽബ്രാഞ്ചിന്റെയും പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.