ദേവാലയങ്ങളുടെ ഘടന മാറ്റില്ലെന്ന് സീറോമലബാർ സഭ

Wednesday 08 September 2021 1:50 AM IST

കൊച്ചി: കുർബാന ഏകീകരണത്തിന്റെ ഭാഗമായി ദേവാലയങ്ങളുടെ ഘടന മാറ്റാനും സക്രാരി മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സീറോമലബാർ സഭ അറിയിച്ചു.

സക്രാരിയുടെ സ്ഥാനം അതേപടി തുടരും. കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല, നൊവേനകൾ, വലിയ ആഴ്ചയിലെ കർമ്മങ്ങൾ, വിശുദ്ധരുടെ രൂപങ്ങളുടെ ഉപയോഗം എന്നിവ നിലവിലുള്ളതുപോലെ തുടരും.

മദ്ബഹവിരി, മാർതോമാസ്ലീവ, ക്രൂശിതരൂപം എന്നിവ നിർബന്ധമായി എല്ലാ രൂപതകളിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചെന്നതും തെറ്റായ പ്രചാരണമാണ്. ഓരോ രൂപതയിലും നിലവിലുള്ള രീതി തുടരും.

ഏകീകൃത കുർബാനയർപ്പണരീതി നടപ്പാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ ബോധപൂർവം ദുഷ്പ്രചാരണം നടത്തുകയാണെന്ന് സഭാ വക്താവ് ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും തടസമാകുന്ന പ്രചരണങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണം.

കുർബാനയുടെ ആരംഭം മുതൽ വിശ്വാസപ്രമാണം വരെ ജനാഭിമുഖമായും അർപ്പണഭാഗം അൾത്താരയ്ക്ക് അഭിമുഖമായും തുടർന്ന് വീണ്ടും ജനാഭിമുഖമായും അർപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.