കാട്ടുപന്നികളുടെ സാമ്പിൾ ശേഖരിക്കും; കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

Wednesday 08 September 2021 6:50 AM IST

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. 36 പേരുടെ പരിശോധന ഫലം ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണ ജോർജ് പുറത്തുവിടും.ആറ് പേരിൽ കൂടി ഇന്നലെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.

സമ്പർക്ക പട്ടികയിൽ പ്രാഥമിക ലിസ്റ്റുകാരുടെ എണ്ണം 122 ആയി ഉയർന്നു. ഇതിൽ 44 പേരും ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്‌ക് വിഭാഗത്തിൽ 51 പേരാണുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ മാതാവിന്റെ ഉൾപ്പടെ പത്ത് പേരുടെ പരിശോധന ഫലം ഇന്നലെ പുറത്തുവന്നിരുന്നു. എല്ലാ ഫലങ്ങളും നെഗറ്റീവായിരുന്നു.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. ചാത്തമംഗലത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് അവയുടെ സ്രവമെടുത്ത് പരിശോധിക്കും.

കോഴിക്കോട് നിപ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സംശയ നിവാരണത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് ഒരുക്കിയിരിക്കുന്നത്. നിപ രോഗിയുമായി സമ്പർക്കത്തിലുള്ളവരും, രോഗലക്ഷണങ്ങൾ ഉള്ളവരും വിവരമറിയിക്കണം.

Advertisement
Advertisement