സാക്ഷരതാ ദിനത്തിൽ പ്രേരക് കുഴഞ്ഞുവീണു മരിച്ചു

Thursday 09 September 2021 12:00 AM IST
ബാലകൃഷ്ണൻ

കുന്ദമംഗലം: ഒട്ടേറെപ്പേർക്ക് അക്ഷരങ്ങളിലൂടെ വെളിച്ചം പകർന്ന കുന്ദമംഗലം സാക്ഷരതാ പ്രേരക് പൈങ്ങോട്ടുപുറം ഇടമച്ചിൽ ബാലകൃഷ്ണൻ (59) ഇന്നലെ ലോക സാക്ഷരതാ ദിനത്തിൽ കുഴഞ്ഞു വീണു മരിച്ചു. വീട്ടിനടുത്തുള്ള വിദ്യാദായിനി തുടർ വിദ്യാകേന്ദ്രം തുറന്ന് വൃത്തിയാക്കാൻ രാവിലെ എത്തിയ ബാലകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വൈകാതെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർ സാക്ഷരതാ പ്രവർത്തനം 1988 മുതൽ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇദ്ദേഹത്തിന് ഒൻപത് തവണ മികച്ച പ്രേരകിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതുല്യം സമ്പൂർണ നാലാം തരം തുല്യത പ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിരുന്നു.

ജില്ലാ പ്രേരക് സൊസൈറ്റിയുടെ പ്രസിഡന്റും സാക്ഷരതാ പ്രേരക് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗവുമാണ്. പൈങ്ങോട്ടുപുറം വിദ്യാദായിനി വായനശാല സെക്രട്ടറി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്തല ലൈബ്രറി കൗൺസിൽ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയാണ്.

ഭാര്യ:ലേഖ. മകൾ: പരേതയായ അമൃത. സഹോദരങ്ങൾ: ദേവകി (ബേബി), ലീല, പരേതനായ രാജൻ, വസന്ത, ലളിത, പൊന്നുദാസ്, ബിന്ദു.